തിരുവനന്തപുരം : ഹോട്ടൽ ബിസിനസിലേക്ക് സ്റ്റാർ റേറ്റിങ് റിവ്യൂ ട്രേഡിങ് (വ്യാപാര അവലോകന) ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും 12.25 (പന്ത്രണ്ടേകാൽ) ലക്ഷം രൂപ തട്ടിയെടുത്ത സൈബർ വഞ്ചന കേസിൽ പ്രതിയുടെ ജാമ്യ ബോണ്ടിനൊപ്പം പ്രതി വഞ്ചിച്ചെടുത്ത പണം കെട്ടിവയ്ക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വഞ്ചനാ കേസിൽ ഇരകൾക്കാശ്വാസം നൽകുന്ന നാഴികക്കല്ലായ സുപ്രധാന ജാമ്യ ഉത്തരവ് പ്രസ്താവിച്ചത്. പ്രതി ജാമ്യമെടുത്ത ശേഷം ഒളിവിൽ പോയാലും വഞ്ചിച്ചെടുത്ത തുക വാദിക്ക് ലഭ്യമാകുന്നതാണ് അഡീ. സിജെഎം എൽസാ കാതറിൻ ജോർജിന്റെ സുപ്രധാന ഉത്തരവിലൂടെ ഇരകൾക്ക് ലഭിക്കുന്നത്.

ജയിലിൽ കഴിയുന്ന മൂന്നാം പ്രതി കർണ്ണാടക ഹൊസൂർ ബെലത്തൂർ കൃഷ്ണഗിരി ടീച്ചേഴ്‌സ് കോളനിയിൽ സുബ്രമണ്യരാജ് മകൻ ഭരത് സുബ്രഹ്‌മണ്യരാജിന് (32) കർശന ഉപാധിയോടെ ജാമ്യം അനുവദിച്ച വേളയിലാണ് നിർണ്ണായക ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. മൂന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് വാദി അയച്ച 6.35 ലക്ഷം രൂപയിൽ പ്രതി ദുർവിനിയോഗം ചെയ്തത് കഴിച്ചുള്ള നിലവിലെ ബാക്കി തുകയായ 3.50 ലക്ഷം രൂപ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. 2.5 ലക്ഷം രൂപ ക്യാഷ് സെക്യൂരിറ്റിയായി കെട്ടി വക്കാൻ കോടതി ഉത്തരവിട്ടു.

ഒരു ലക്ഷം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടിനും പുറമേയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് വക്കേണ്ടത്. മറ്റു ജാമ്യ വ്യവസ്ഥകൾ ഇപ്രകാരമാണ് : പരാതിക്കാരിയെയോ സാക്ഷി നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ഉപദ്രവിക്കാനോ പാടില്ല. കേസിന്റെ വസ്തുത അറിയാവുന്ന ഏതൊരു വ്യക്തിയേയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ പാടില്ല. ജയിൽ മോചിതനാകും മുമ്പ് പ്രതിയുടെ പാസ്‌പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണം. പാസ്‌പോർട്ട് ഇല്ലായെങ്കിൽ വിവരത്തിന് സത്യവാങ്മൂലം സമർപ്പിക്കണം.

വിചാരണ പൂർത്തിയാകും വരെ ഏത് സമയത്താലും ജാമ്യക്കാലയളവിലുള്ള പ്രതിയുടെ വിലാസവും വിലാസ മാറ്റങ്ങളും ബന്ധപ്പെടേണ്ട വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥനെയോ കോടതിയേയോ രേഖാമൂലം അറിയിക്കണം. അന്വേഷണവുമായി സഹകരിക്കുകയും മൂന്നു മാസക്കാലത്തേക്കോ അല്ലാത്തപക്ഷം അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യും വരെയോ ഉള്ള എല്ല ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണം. ജാമ്യക്കാലയളവിൽ മറ്റു യാതൊരു കുറ്റകൃത്യങ്ങളിലും ഉൾപ്പെടരുത്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി.

വാദിയായ തലസ്ഥാനത്തെ യുവതിയെ ചതിക്കണമെന്നും അന്യായ നേട്ടം ഉണ്ടാക്കണമെന്നുമുള്ള പൊതു ലക്ഷ്യം കൈവരിക്കാനായി ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾ , വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും വ്യത്യസ്ഥ വ്യക്തികളായി ആൾമാറാട്ടം നടത്തി വാദിക്ക് സന്ദേശങ്ങൾ അയക്കുകയും ഐരാൽ റെസിഡൻസി എന്ന പേരിൽ ഹോട്ടൽ ബിസിനസിലേക്ക് സ്റ്റാർ റേറ്റിങ് റിവ്യൂ വ്യാപാര ജോലി തരപ്പെടുത്തി നൽകാമെന്ന് ഇന്റർനെറ്റിലൂടെ വിശ്വസിപ്പിച്ചു.

ആയതിലേക്കുള്ള വിവിധ ഗൂഗിൾ ജോലികൾക്കായി 12 , 24 ,500 രൂപ മൂന്നും നാലും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്ന് യുവതിയെ വഞ്ചനാപരമായി പ്രേരിപ്പിക്കുകയും ചെയ്ത് കുറ്റങ്ങൾ ചെയ്തുവെന്നാണ് കേസ്. മൂന്നാം പ്രതിക്ക് അക്കൗണ്ടുള്ള ഐ സി ഐ സി ബാങ്കിന്റെ തമിഴ്‌നാട്ടിലെ പന്റുതി ബ്രാഞ്ചിൽ നിന്നും മൂന്നാം പ്രതി 6,35,000 രൂപ കൈപ്പറ്റിയതായും പരാതിയിൽ യുവതി വ്യക്തമായി ആരോപിച്ചിരുന്നു. 2023 സെപ്റ്റംബർ 24 ന് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ മൂന്നാം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ കോടതി റിമാന്റ് ചെയ്തു.

തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകുകയും പ്രതിയിൽ നിന്നും കുറച്ചുതുക വീണ്ടെടുക്കൽ നടത്തുകയും ചെയ്തിരുന്നു. തടങ്കലിൽ വച്ചുള്ള തുടർ കസ്റ്റഡി ആവശ്യമില്ലെന്നും കോടതി ജാമ്യ ഉത്തരവിൽ നിരീക്ഷിച്ചു. നാലു പ്രതികളിൽ മൂന്നാം പ്രതിയൊഴികെ മറ്റുള്ളവർ ഒളിവിലാണ്.