പത്തനംതിട്ട: തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു. നാളെ രാവിലെ ഉഷ പൂജയ്ക്ക് ശേഷം പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തിൽ നിന്നുള്ള വൈദേഹും നിരുപമയുമാണ് നറുക്കെടുക്കുക. ഈ മാസം 22 വരെയാണ് തുലമാസപൂജ. മണ്ഡല മകരവിളക്ക് തീർത്ഥാടനം നവംബർ 16 ന് തുടങ്ങും.

ഈ വർഷത്തെ ശബരിമല തീർത്ഥാടനവുമായി ബമ്പപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്ന ഉന്നതതല യോഗം നാളെ ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. തൈക്കാട് ഗസ്റ്റ് ഹൗസ് ഹാളിൽ വൈകിട്ട് 3.30 നാണ് യോഗം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

നവംബർ 17 ന് മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറക്കും. തീർത്ഥാടന കാലത്ത് വിവിധ വകുപ്പുകൾ ഒരുക്കേണ്ട സൗകര്യങ്ങൾ, തീർത്ഥാടക ക്രമീകരണത്തിനായുള്ള ആധുനിക സൗകര്യങ്ങൾ, തയ്യാറെടുപ്പുകൾ തുടങ്ങിയ കാര്യങ്ങൾ യോഗം വിലയിരുത്തും. 50 ലക്ഷം പേരാണ് കഴിഞ്ഞ സീസണിൽ ശബരിമലയിലെത്തിയത്. മുൻ വർഷത്തെക്കാൾ തീർത്ഥാടകരെ ഈ വർഷം പ്രതീക്ഷിക്കുന്നതായും അതനുസരിച്ചുള്ള ഒരുക്കങ്ങൾ നടത്തിവരുന്നതായും മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.