തൃശൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്ക് പിന്നാലെ പാലിയേക്കര ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം. പാലിയേക്കരയിൽ ടോൾ പിരിവിന്റെ പേരിൽ ജി.ഐ.പി.എൽ (ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്) നടത്തുന്നതുകൊള്ളയാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ടോൾ പ്ലാസയിലെ ബൂത്തിലേക്കെത്തിയ പ്രതിഷേധക്കാർ വാഹനങ്ങളെ ടോൾ അടക്കാതെ കയറ്റിവിട്ടു. ജി.ഐ.പി.എല്ലിന്റെ 125.21 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞ ദിവസം ഇ.ഡി. (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധം.

ടി.എൻ. പ്രതാപൻ എംപി.യാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. പൊലീസുമായുള്ള ഉന്തിലും തള്ളിലും ടി.എൻ പ്രതാപൻ എംപിയുടെ കൈക്ക് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകർ ടോൾ പ്ലാസ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ കലക്ടർ സ്ഥലത്തെത്തി ചർച്ച നടത്തി. എംപിയെ മർദിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കലക്ടർ അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് കോൺഗ്രസ് പ്രവർത്തകർ ടോൾ കമ്പനിയിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് തടഞ്ഞതോടെ ടോൾ കമ്പനിയുടെ ഓഫീസിലേക്ക് ചർച്ചക്കായി പ്രവേശിക്കാൻ തുടങ്ങിയ ടി.എൻ പ്രതാഭൻ എംപിയെ പൊലീസ് തടയുകയുകയായിരുന്നു.

കോൺഗ്രസ് പ്രവർത്തകർ ടോൾ ഗേറ്റുകൾ തുറന്നുനൽകി വാഹനങ്ങൾക്ക് സൗജന്യ യാത്രയൊരുക്കുകയായിരുന്നു. എറണാകുളം ഭാഗത്തേക്കുള്ള ഗേറ്റുകളെല്ലാം തുറന്നു നൽകിയായിരുന്നു പ്രതിഷേധം. നിലവിൽ 1250 കോടിയിലധികം രൂപയാണ് പാലിയേക്കര ടോൾ പിരിവു വഴി സമാഹരിച്ചത്. 760 കോടി രൂപയാണ് റോഡുപണിക്ക് ചെലവായത്. 2028 വരെ കമ്പനിക്ക് പിരിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം 24 മണിക്കൂറിലേറെയാണ് പാലിയേക്കരയിൽ ഇ.ഡി. റെയ്ഡ് നടത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ടോൾ കമ്പനിയുടെ പ്രവർത്തനമെന്നും സർവീസ് റോഡുകളോ ബസ് ബേകളോ ട്രക്ക് ബേകളോ കമ്പനി യാത്രക്കാർക്ക് അനുവദിച്ചു നൽകുന്നില്ലെന്നും ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് സിബിഐ. നേരത്തേ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പാലിയേക്കര ടോൾ കമ്പനിയായ ജിഐപിഎല്ലിന്റെ 125.21 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചിരുന്നു. റോഡ് നിർമ്മാണത്തിന്റെ ഉപകരാർ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടിയുടെ നിക്ഷേപവും ഇഡി മരവിപ്പിച്ചു. മണ്ണുത്തി, ഇടപ്പള്ളി ദേശീയപാത നിർമ്മാണം ഏറ്റെടുത്ത കമ്പനിയാണിത്. റോഡ് നിർമ്മാണത്തിന്റെ ഉപകരാർ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടി രൂപയുടെ നിക്ഷേപവും മരവിപ്പിച്ചു.

ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകും മുമ്പേ ടോൾ പിരിവ് തുടങ്ങി നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ(NHAI )യെ കബളിപ്പിച്ചതോടെയാണ് നടപടി. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിൽ റെയ്ഡ് നടന്നിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഇ.ഡി അന്വേഷണം. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകും മുമ്പേ ടോൾ പിരിവ് തുടങ്ങിയെന്നും പണം കമ്പനി മ്യൂച്ച്വൽ ഫണ്ടുകളില് നിക്ഷേപിക്കുകയാണെന്നുമായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപം മരവിപ്പിച്ചത്.

കെ.എം.സി. കമ്പനിയുടെ പകുതി ഷെയറുകൾ ജി.ഐ.പി.എൽ., ബി.ആർ.എൻ.എൽ കമ്പനികൾക്ക് വിറ്റത് NHAI അറിയാതെയാണെന്നും ദേശീയപാതയിലെ ബസ് ബേ നിർമ്മാണം പൂർത്തിയാക്കാതെ തന്നെ ടോൾ പിരിച്ചതിലും അപാകതയുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ 125 .21 കോടി രൂപയുടെ അധിക വരുമാനം കമ്പനി ഉണ്ടാക്കിയതായാണ് ആരോപണം.