തിരുവനന്തപുരം: പാലിയേക്കര ടോൾ പിരിവിലെ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരായ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് ഒക്ടോബർ 21 ശനിയാഴ്ച സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.

ടോൾ പിരിവിന്റെ പേരിൽ ജി ഐ പിഎൽ കമ്പനി നടത്തുന്നതുകൊള്ളയാണ്. ഇഡി റെയ്ഡിൽ ഇവർ നടത്തിയ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു.ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകും മുമ്പെയാണ് കമ്പനി ടോൾ പിരിവ് നടത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ജനങ്ങൾക്ക് വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ പാലിയേക്കര ടോൾ പ്ലാസയിൽ പ്രതിഷേധിച്ചത്.

ജനങ്ങളെ കൊള്ളയടിച്ച കമ്പനിക്ക് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പൊലീസ് കോൺഗ്രസ് എംപി അടക്കമുള്ള നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ കൊടിയ മർദ്ദനം അഴിച്ചുവിട്ടത്.പൊലീസ് നരനായാട്ടിൽ തൃശ്ശൂർ എംപി ടി.എൻ.പ്രതാപൻ,ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, അനിൽഅക്കര എന്നിവർക്ക് പരിക്കേറ്റു. ഒരു ജനപ്രതിനിധി എന്ന പരിഗണന നൽകാതെയാണ് ടിഎൻ പ്രതാപനോട് പിണറായി വിജയന്റെ പൊലീസ് പെരുമാറിയത്.കോൺഗ്രസ് നേതാക്കൾക്കെതിരായ പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും സുധാകരൻ പറഞ്ഞു.