തൃശൂർ: ഷോളയാർ ചുങ്കത്ത് വിനോദ യാത്രാ സംഘത്തിലെ അഞ്ച് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു. കോയമ്പത്തൂർ കെണറ്റിക്കടവിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മരിച്ചത്. അഞ്ച് ബൈക്കുകളിലായി 10 പേരാണ് വിനോദയാത്രയ്ക്കായി ഷോളയാറിലെത്തിയത്. ഇവരിൽ അഞ്ച് പേരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. മൃതദേഹങ്ങൾ വാൽപ്പാറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോയമ്പത്തൂരിലെ ഒരു പ്രൈവറ്റ് കോളേജിലെ വിദ്യാർത്ഥികളായ ശരത്, അജയ്, ധനുഷ്, റാഫേൽ, വിനീത് എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ കെണറ്റിക്കടവിൽ നിന്നാണ് പത്തംഗ സംഘം വിനോദ യാത്രയ്ക്കെത്തിയത്.

ചിലർ ആഴമേറിയ ഭാഗത്തേക്ക് ഇറങ്ങിയതോടെ ചെളിയിൽ കുടുങ്ങി. ഇവർ സഹായത്തിനായി നിലവിളിച്ചു. ഇത് കണ്ട് മറ്റ് വിദ്യാർത്ഥികൾ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു. പിന്നാലെ മറ്റുള്ളവർ പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു. നീണ്ട തിരച്ചിലിനൊടുവിലാണ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.

അപകടം നടന്നതിന് പിന്നാലെ സംഘത്തിലെ ശേഷിക്കുന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ വാൽപ്പാറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് തൃശ്ശൂരിൽ ഒഴുക്കിൽപെട്ട് യുവാക്കൾ മരിക്കുന്നത്. തിങ്കളാഴ്ച നാല് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചിരുന്നു. പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപെട്ടത്. കുറ്റൂർ സ്വദേശി അഭിൻ ജോൺ, അർജുൻ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 2.45 നാണ് അപകടമുണ്ടായത്.

നാല് വിദ്യാർത്ഥികളും ചേർന്ന് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസും നാട്ടുകാരും പറയുന്നു. ഒരു വിദ്യാർത്ഥി ഒഴുക്കിൽപെട്ടപ്പോൾ മറ്റ് മൂന്ന് പേരും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ എല്ലാവരും ഒഴുക്കിൽപ്പെട്ടു. പിന്നാലെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും യുവാക്കളുടെ ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ അഗ്നിരക്ഷാസേന നാല് പേരുടെയും മൃതദേഹം പുറത്തെടുത്തു. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മരിച്ച അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്. മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളാണ്.