കോഴിക്കോട്: റൺവേ റീ കാർപ്പറ്റിങ് പൂർത്തിയായതോടെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നു മുഴുവൻ സമയ സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതൽ മുഴുവൻ സമയ സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

റീ കാർപ്പറ്റിങ് പ്രവൃത്തികളെ തുടർന്ന് പകൽ സമയത്ത് മാത്രമാണ് നിലവിൽ കരിപ്പൂരിൽനിന്നു സർവീസ് നടത്തുന്നത്. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ റീ കാർപ്പറ്റിങ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. ഇതോടൊപ്പം ഗ്രേഡിങ് ജോലി കൂടി നടത്തി.
പ്രവൃത്തി തുടങ്ങിയതു മുതൽ വിമാനത്താവളത്തിൽനിന്നുമുള്ള സർവീസുകൾ രാവിലെ 10 മുതൽ വൈകിട്ട് ആറു വരെയായി പുനഃക്രമീകരിച്ചിരുന്നു.

മുഴുവൻ സമയ സർവീസ് ആരംഭിക്കുന്നതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും. വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ അടിയന്തിരമായി അനുമതി നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.