- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്യാസിനിയായ സഹോദരിക്ക് വൃക്ക നൽകി യുവ വൈദികൻ; ക്രിയാറ്റിന്റെ അളവ് കൂടിയതോടെ ഡയാലിസിസിൽ ജീവൻ നിലനിർത്തിയ സിസ്റ്റർ ബിനി മരിയ യ്ക്ക് കരുതലായത് പാലക്കാട് രൂപതാംഗമായ ഫാ. എബി പൊറത്തൂർ: ശസ്ത്രക്രിയ പൂർത്തിയാക്കിയ ഇരുവരും വിശ്രമത്തിൽ
കൊച്ചി: സന്യാസിനിയായ സഹോദരിക്കു വൃക്ക പകുത്തു നൽകി സഹോദരനായ വൈദികൻ. ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി കൂടിയതോടെ ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ മരിയൻ പ്രോവിൻസ് അംഗമായ സിസ്റ്റർ ബിനി മരിയയ്ക്കാണ് ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കണമെന്നു നിർദേശിച്ചത്. ഇതോടെ സഹോദരനായ ഫാ. എബി പൊറത്തൂർ തന്റെ വൃക്ക നൽകാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
പാലക്കാട് രൂപതാംഗമായ ഫാ. എബി പൊറത്തൂർ രൂപതയുടെ അധികാരികളെ വിവരം അറിയിച്ച് ഉടൻ അനുവാദം വാങ്ങി. വൃക്ക നൽകാനുള്ള നടപടിക്രമങ്ങളും വേഗം പൂർത്തിയാക്കി. സെപ്റ്റംബർ 4ന് ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഡോ.ജോസ് തോമസ്, ഡോ. ബാലഗോപാൽ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണു ശസ്ത്രക്രിയ നടത്തിയത്. രോഗത്തെത്തുടർന്ന് സിസ്റ്റർ ബിനി 2022 ഏപ്രിൽ മുതൽ ഡയാലിസിസ് ചെയ്തു വരികെയാണ് ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കാൻ നിർദേശിച്ചത്.
ഫാ. എബിയും സിസ്റ്റർ ബിനി മരിയയും പാലക്കാട് മേലാർകോട് പൊറത്തൂർ പി.പി. ആന്റോയുടെയും റൂബിയുടെയും മക്കളാണ്. ശസ്ത്രക്രിയയ്ക്കു ശേഷം സിസ്റ്റർ ബിനി ചുണങ്ങംവേലിയിലെ മഠത്തിൽ വിശ്രമത്തിലാണ്. 31 വയസ്സുള്ള ഫാ. എബി പാലക്കാട് കൊഴിഞ്ഞാമ്പാറ സെന്റ് ആന്റണീസ് പള്ളി വികാരിയാണ്. വിശ്രമത്തിനു ശേഷം 2 മാസത്തിനുള്ളിൽ ചുമതലകളിലേക്കു മടങ്ങും.
ക്രിയാറ്റിന്റെ അളവ് കൂടിയതോടെ മാസത്തിലൊരിക്കൽ നടത്തിയിരുന്ന ഡയാലിസിസ് ആഴ്ചയിൽ മൂന്ന് വീതമായി. വൃക്ക മാറ്റിവയ്ക്കുക മാത്രമാണു പരിഹാരമെന്നു ഡോക്ടർമാർ നിർദേശിച്ചു. രാജഗിരി ആശുപത്രിയിലെ ഡോക്ടർമാരായ സ്‌നേഹ പി. സൈമൺ, അപ്പു ജോസ്, ബി. കെ. തരുൺ, സന്ദീപ് ആർ. നാഥ്, സച്ചിൻ ജോർജ്, ഗീതു സെബാസ്റ്റ്യൻ, അജിത്ത് ടോംസ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. സഹോദരിക്കു വൃക്ക നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പിന്തുണ നൽകിയ രൂപതയോടു നന്ദിയുണ്ടെന്നും ഫാ. എബി പറഞ്ഞു.
പങ്കുവയ്ക്കലിന്റെ മഹത്വം കുടുംബത്തിൽ നിന്ന് ആരംഭിക്കണമെന്ന വലിയ മാതൃകയാണു ഫാ. എബി നൽകുന്നതെന്ന് രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം പറഞ്ഞു.



