ആലപ്പുഴ: വന്ദേഭാരതിനു ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ശബരിമല തീർത്ഥാടനം മുൻനിർത്തിയാണ് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. ട്രെയിനിന്റെ സമയമാറ്റവും റെയിൽവേ മന്ത്രാലയം അംഗീകരിച്ചു. മണ്ഡലകാലം തുടങ്ങുന്നതിനു മുൻപു സ്റ്റോപ്പ് നിലവിൽ വരുമെന്നാണ് വിവരം. ഏറ്റവും അടുത്ത ദിവസം തന്നെ ട്രെയിൻ ചെങ്ങന്നൂരിൽ നിർത്തിത്തുടങ്ങുമെന്ന് റെയിൽവേ ബോർഡ് ജോയിന്റ് ഡയറക്ടർ വിവേക് കുമാർ സിൻഹ ദക്ഷിണ റെയിൽവേ അധികൃതരെ അറിയിച്ചു.

സമയമാറ്റം നേരത്തെ ദക്ഷിണ റെയിൽവേ ശുപാർശ ചെയ്തിരുന്നു. ഇതിനായി വേറെ ഉത്തരവ് വേണ്ടിവരുമെന്ന് അറിയുന്നു. ശബരിമല തീർത്ഥാടകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്റ്റേഷൻ എന്ന നിലയ്ക്കാണു ദക്ഷിണ റെയിൽവേ അധികൃതർ ഇവിടെ സ്റ്റോപ്പ് വേണമെന്ന നിർദ്ദേശം വച്ചത്. കിഴക്കൻ മേഖലയിൽ കൂടുതൽ വരുമാനമുണ്ടാക്കുന്ന സ്റ്റേഷനുകളിലൊന്നാണ്. ഇക്കാര്യങ്ങൾ പരിഗണിച്ചാണു വന്ദേഭാരതിനു സ്റ്റോപ്പ് അനുവദിച്ചത്. ഇപ്പോൾ കൊല്ലം കഴിഞ്ഞാൽ കോട്ടയത്താണു വന്ദേഭാരത് നിർത്തുന്നത്. മധ്യത്തിലുള്ള പ്രധാന സ്റ്റേഷനെന്ന പരിഗണനയും ചെങ്ങന്നൂരിനു ലഭിച്ചു.