- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് അതിദരിദ്രരില്ലാത്ത ആദ്യ പഞ്ചായത്തായി കുറ്റിയാട്ടൂർ; വീടു നൽകിയും ജോലി നൽകിയും ബി.പി.എൽ കാർഡ് അനുവദിച്ചും പാവപ്പെട്ടവരെ കൈപിടിച്ചുയർത്തി കുറ്റിയാട്ടൂർ
കണ്ണൂർ: സംസ്ഥാനത്ത് അതിദരിദ്രരില്ലാത്ത ആദ്യ പഞ്ചായത്തായി കുറ്റിയാട്ടൂർ. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള പരിശ്രമത്തിലാണ് കുറ്റിയാട്ടൂർ പഞ്ചായത്ത് ഒരു ചുവട് മുന്നിലെത്തിയത്. സംസ്ഥാനത്തെ ആദ്യത്തെ അതിദരിദ്രരഹിത പഞ്ചായത്തായതിന്റെ പ്രഖ്യാപനം കേരളപ്പിറവിദിനത്തിൽ നടത്താൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. അതിദരിദ്രർക്ക് വീടും ബി.പി.എൽ റേഷൻ കാർജും അനുവദിച്ച് അതിജീവനത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി നൽകിയാണ് കുറ്റിയാട്ടൂർ ഒന്നാമതെത്തിയത്.
അതിദരിദ്രരുടെ എണ്ണം കുറഞ്ഞത് കാരണമാണ് വേഗത്തിൽ ലക്ഷ്യം കൈവരിക്കാനായതെന്ന് കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി പറഞ്ഞു.പതിനാറ് അതിദരിദ്ര കുടുംബങ്ങളാണ് പഞ്ചായത്തിലുണ്ടായിരുന്നത്. ഇവർക്കെല്ലാം വേണ്ട അടിസ്ഥാന സൗകര്യങ്ങളും ജോലിയും പഞ്ചായത്ത് കണ്ടുപിടിച്ച് നൽകി. 27,000 പേരുള്ള പഞ്ചായത്തിൽ സർക്കാർ മാനദണ്ഡപ്രകാരമുള്ള സർവേ പൂർത്തിയായപ്പോൾ 16 കുടുംബങ്ങൾ മാത്രമാണ് അതിദരിദ്രർ. അംഗങ്ങളായി 58 പേർ. ഇവരിൽ തനിച്ച് താമസിച്ചിരുന്ന മൂന്നുപേർ അടുത്തിടെ മരിച്ചു. അവശേഷിക്കുന്ന 13 കുടുംബങ്ങളിൽ വീടില്ലാത്ത അഞ്ചുപേർക്ക് ലൈഫ് പദ്ധതിയനുസരിച്ച് വീട് ലഭിച്ചു. എല്ലാ കുടുംബങ്ങൾക്കും ബി.പി.എൽ. റേഷൻ കാർഡും അനുവദിച്ചു. ഇവർക്ക് എല്ലാ മാസവും ഭക്ഷ്യക്കിറ്റ് എത്തിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഏറ്റെടുക്കുകയും ചെയ്തു. സൗജന്യ ബസ്യാത്രയ്ക്ക് സർക്കാർ അനുവദിച്ച പാസ് ലഭിക്കും.
ഇതിനെല്ലാം പുറമെ, അതത് പ്രദേശത്തെ രാഷ്ട്രീയ-യുവജന-സാംസ്‌കാരിക സംഘടനകളുടെ കരുതലുമുണ്ടാകും. അപകടത്തെത്തുടർന്ന് ജോലിചെയ്യാൻ സാധിക്കാത്ത ഒരാൾക്ക് അനുവദിച്ച പെട്ടിക്കട ശനിയാഴ്ച പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. ഒരു കുടുംബത്തിലെ അംഗത്തിന് ഹരിതകർമസേനയിൽ ജോലി നൽകി. പഴയ വീട്ടിൽ താമസിക്കുന്ന ഈ കുടുംബത്തിന് പുതിയ വീട് അനുവദിച്ചു. തേപ്പുപണിക്കാരനായിരുന്ന കുടുംബനാഥന് അപകടത്തിൽ പരിക്കേറ്റതോടെയാണ് കുടുംബത്തിന്റെ സാമ്പത്തികനില തകർന്നത്.
തനിച്ച് താമസിക്കുന്ന നാലുപേർ നിത്യരോഗികളാണ്. ഇവർക്ക് ആവശ്യമുള്ള മരുന്നുകൾ എത്തിക്കുകയും പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുകയും ചെയ്യും. പട്ടികജാതിയിൽപ്പെട്ട 1350 കുടുംബങ്ങളുണ്ടെങ്കിലും അവരിൽ അതിദരിദ്രരില്ല.
തദ്ദേശ വാർഡുകളുടെ അടിസ്ഥാനത്തിൽ നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്ത് 64,006 കുടുംബങ്ങളാണ് അതിദരിദ്രർ. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ -8553 കുടുംബങ്ങൾ. കുറവ് കോട്ടയത്ത് -1071.



