കോട്ടയം: വ്യാജവൗച്ചറും രസീതും ഉപയോഗിച്ച് സ്വകാര്യ സൂപ്പർമാർക്കറ്റിൽനിന്ന് കാൽക്കോടിയോളം രൂപ തട്ടിയെടുത്ത ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം അന്തീനാട് കിഴക്കേടത്ത് വിഷ്ണു കെ.മോഹനനെ (25) ആണ് 24,84,900 രൂപ തട്ടിയെടുത്തെന്ന കേസിൽ അറസ്റ്റിലായത്. ചേർപ്പുങ്കലിലുള്ള പ്രമുഖ സൂപ്പർ മാർക്കറ്റിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ടന്റാണ് പ്രതി.

ഇവരുടെതന്നെ പാലാ, കോട്ടയം, കൂത്താട്ടുകുളം മുട്ടം, കൊല്ലപ്പള്ളി എന്നിവിടങ്ങളിലെ സൂപ്പർമാർക്കറ്റുകളിലേക്ക് സാധനങ്ങൾ വാങ്ങിയെന്നുകാട്ടിയായിരുന്നു തട്ടിപ്പ്. ജോലിക്ക് എത്താത്ത അതിഥി തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തി അവരുടെ ശമ്പളവും തട്ടിയെടുത്തു. തട്ടിയെടുത്ത പണം ഓൺലൈൻ ചൂതാട്ടത്തിന് ഉപയോഗിച്ചെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.