ചങ്ങനാശ്ശേരി: റേഷനരിയിൽ പുഴു നിറയുന്നതായി റിപ്പോർട്ട്. തൂക്കം കൂടാൻ ഈർപ്പമുള്ള അരി സപ്ലൈകോ സംഭരണകേന്ദ്രത്തിൽ എത്തിക്കുന്നതാണ് പ്രശ്‌നം. ഈ അരി ഒരുമാസത്തിലധികം സംഭരണകേന്ദ്രത്തിലും തുടർന്ന് ഒരുമാസത്തോളം റേഷൻകടകളിലും സ്റ്റോക്കുചെയ്യേണ്ടിവരും. ഈർപ്പംപിടിച്ച അരിച്ചാക്കുകൾ അട്ടിവെക്കുമ്പോൾ ഇതിൽ പുഴു നിറയുകയും അരി ഉപയോഗശൂന്യമാവുകയും ചെയ്യും.

മില്ലുകളിൽനിന്ന് സംഭരണകേന്ദ്രത്തിലേക്കും അവിടെനിന്ന് പൊതുവിതരണകേന്ദ്രങ്ങളിലേക്കും എത്തിക്കുമ്പോൾ ഗുണനിലവാരപരിശോധന നടത്തണമെന്നാണ് ചട്ടം. ഇത് നടക്കുന്നില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് അധികൃതരും ഇത് സമ്മതിക്കുന്നുണ്ട്.

സംഭരണകേന്ദ്രത്തിൽനിന്ന് എത്തിക്കുന്ന ചാക്കിൽനിന്ന് അരി മറ്റു ചാക്കുകളിലേക്ക് മാറ്റി തുറന്നുവെക്കണമെന്ന് കടയുടമകൾ പറയുന്നു. കോട്ടയം ജില്ലയിൽ വൈക്കത്ത് ചില റേഷൻകടകളിലെത്തിച്ച പച്ചരി വിതരണയോഗ്യമല്ലാത്തതിനാൽ മാറ്റിനൽകണമെന്ന് സപ്ലൈകോ റീജണൽ മാനേജർ വൈക്കം ഡിപ്പോ മാനേജർക്ക് കത്തും നൽകിയിരിക്കുകയാണ്. സമാനസംഭവങ്ങൾ മറ്റുസ്ഥലങ്ങളിലും ഉണ്ട്.