കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 26കാരനായ പ്രതിക്ക് 23 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷിച്ചു. പോക്‌സോ കേസിൽ 12 കൊല്ലം കഠിന തടവിനു ശിക്ഷിക്കപ്പെട്ട പ്രതിയാണ് വീണ്ടും ശിക്ഷിക്കപ്പെട്ടത്. വിളവൂർക്കൽ പെരുകാവ് പൊറ്റയിൽ യശോദ ഭവനിൽ അഖിൽ(26) നാണ് 23 വർഷം കഠിന തടവും 60,000 രൂപ പിഴയും കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ വിധിച്ചത്.

സമാനമായ മറ്റൊരു കേസിൽ നേരത്തെ ഇതേ കോടതി 12 വർഷം തടവിനു ശിക്ഷിച്ചിരുന്നു. ബസിൽ വച്ച് പരിചയപ്പെട്ട അതിജീവിതയെ 2017ൽ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ച പീഡിപ്പിച്ച ഗർഭിണിയാക്കി എന്നാണു കേസ്. തനിക്ക് ഒപ്പം വന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് അതിജീവിതയെ തട്ടിക്കൊണ്ടു പോയത്.

പോക്‌സോ നിയമ പ്രകാരം വിവിധ വകുപ്പുകളിലായി 23 വർഷം ആണ് കഠിന തടവ് വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ.പ്രമോദ് ഹാജരായി.