സീതത്തോട്: കൊച്ചുമകന്റെ മരണ വാർത്തയറിഞ്ഞ മുത്തച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി വിഷ്ണുവാണ് (17) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. കുട്ടിയുടെ മരണവാർത്തയറിഞ്ഞ് മുത്തച്ഛന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. വയ്യാറ്റുപുഴ-പുലയൻപാറ മണ്ണുങ്കൽ പുത്തൻവീട്ടിൽ സുജിത്തിന്റെയും സിനിയുടെയും മകനാണ് മരിച്ച വിഷ്ണു.

വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ ചിറ്റാർ ടൗണിന് സമീപം ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിലാണ് തൂങ്ങിമരിച്ചത്. വിഷ്ണുവിന്റെ മരണവാർത്തയറിഞ്ഞ് അമ്മ സിനിയുടെ അച്ഛൻ പത്തനംതിട്ട കുമ്പഴ പാലമറൂർ പനച്ചമൂട്ടിൽ പി.ടി.വർഗീസ്(അനിയൻ-63)ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.

ചിറ്റാർ ടൗണിന് സമീപമുള്ള വീട്ടിൽ വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങിയെത്തിയ സിനിയാണ് മകനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചിറ്റാർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന വിഷ്ണുവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചില പ്രശ്നങ്ങളുണ്ടായിരുന്നതായി പറയുന്നു. ഇതിന്റെ മനോവിഷമത്തിലാകാം കുട്ടി തൂങ്ങിമരിക്കാനിടയായതെന്ന് പൊലീസ് കരുതുന്നു. സഹോദരി: വിദ്യ.സിസിലിയാണ് വർഗീസിന്റെ ഭാര്യ. മറ്റൊരു മകൾ: മിനി.