തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപിമാർക്കും മറ്റു നേതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. ടോൾ പ്ലാസ മാനേജരുടെ പരാതിയിൽ ആണ് പുതുക്കാട് പൊലീസ് കേസെടുത്തത്. കോൺഗ്രസ് നേതാക്കളായ ടി എൻ പ്രതാപൻ എംപി, രമ്യ ഹരിദാസ് എംപി, മുൻ എംഎ‍ൽഎ അനിൽ അക്കര, ജോസ് വള്ളൂർ, ജോസഫ് ടാജറ്റ് എന്നിവർക്കും കണ്ടാലറിയാവുന്ന 145 പേർക്കെതിരെയും ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടോൾ ഗെയ്റ്റിലുണ്ടായ നാശനഷ്ടം ഉൾപ്പെടെ ഏഴു ലക്ഷം രൂപയിൽ അധികം നഷ്ടമുണ്ടായതായാണ് ടോൾ പ്ലാസ അധികൃതരുടെ പരാതി.

ഇഡി റെയ്ഡ് നടത്തിയ പാലിയേക്കര ടോൾ പ്ലാസയിൽ ഇന്നലെയാണ് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തിയത്. തൃശ്ശൂർ ഡിസിസിയുടെ നേതൃത്വത്തിൽ അഴിമതിയ്‌ക്കെതിരെ നടത്തിയ ടോൾ വളയൽ സമരം അക്രമത്തിൽ കലാശിച്ചിരുന്നു. പൊലീസുമായുള്ള ഉന്തും തള്ളലിൽ ടി.എൻ. പ്രതാപൻ എംപി, മുൻ എംഎൽഎ അനിൽ അക്കര എന്നിവർക്ക് പരിക്കേറ്റെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്.

എംപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പിന്നീട് ടോൾ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ജില്ലാ കളക്ടർ കൃഷ്ണതേജയും റൂറൽ എസ്‌പി ഐശ്വര്യ ഡോങ്‌റെയും നേരിട്ടെത്തി നടത്തിയ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരം ചെയ്ത രണ്ടു മണിക്കൂർ ടോൾ ഗേറ്റുകൾ മുഴുവർ കോൺഗ്രസ് പ്രവർത്തകർ തുറന്നിട്ടിരുന്നു.