കണ്ണൂർ: പരിയാരം ചിതപിലെ പൊയിലിൽ വീടു കുത്തി തുറന്ന് നടന്ന മോഷണ കേസിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. നേരത്തെ ക്രിമിനൽ കേസിൽ ഉൾപ്പെട്ടിരിക്കുന്ന ചിലരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തി വരുന്നത്.

കഴിഞ്ഞ ദിവസം റൂറൽ പൊലീസ് മേധാവി ഹേമലത അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പയ്യന്നൂർ ഡി.വൈ.എസ്‌പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചിട്ടുണ്ടെങ്കിലും മോഷ്ടാക്കളിലേക്ക് നയിക്കുന്ന വിധത്തിലുള്ള തുമ്പുകളൊന്നും ഇതേവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. മോഷ്ടാക്കൾ പൊലീസിനേക്കാൾ മികച്ച രീതിയിൽ അതിവിദഗ്ദ്ധമായി ഓപ്പറേഷൻ നടത്തുന്നതാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

വിരലടയാളം, സി.സി.ടി.വി, മൊബൈൽ ടവർ ലൊക്കേഷൻ ഇവയൊക്കെയാണ് പൊലീസ് മോഷ്ടാക്കളെ കണ്ടെത്താനായി ആശ്രയിക്കുന്നത്. വിരലടയാളം പതിയാതിരിക്കാൻ കയ്യുറകൾ ധരിക്കുന്നതും സി.സി.ടി.വിയുടെ ഹാർഡ് ഡിസ്‌ക്ക് ഉൾപ്പെടെ ഇളക്കിക്കൊണ്ടുപോകുന്നതും മൊബൈൽഫോൺ ഉപയോഗിക്കാത്തതും മുഖംമൂടി ധരിക്കുന്നതും മോഷ്ടാക്കളിലേക്ക് എത്തിച്ചേരാനുള്ള വഴികൾ അടക്കുകയാണെന്ന അഭിപ്രായം അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്.

മോഷണം സംബന്ധിച്ച് കഴിഞ്ഞ ദിവസം കെപിസിസി മെമ്പർ വി.പി.അബ്ദുൾറഷീദ് ഡി.ജി.പിയെ നേരിൽ കണ്ട് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐ.ജിയോട് ഡി.ജി.പി ഫോണിലൂടെ ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണെന്നും മോഷ്ടാക്കളെ പിടിക്കുക തന്നെ ചെയ്യുമെന്നും ഡി.വൈ.എസ്‌പി പ്രേമചന്ദ്രൻ പറഞ്ഞു.

സംഭവത്തിൽ സിപിഎം ജില്ലാ കമ്മറ്റി ഉൾപ്പെടെ അന്വേഷണം ശക്തിപ്പെടുത്താനും പ്രതികളെ പിടികൂടാനും സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എം വിഗോവിന്ദൻ മാസ്റ്റർ എംഎ‍ൽഎയും ഇതേ ആവശ്യം സംസ്ഥാന പൊലീസ് മേധാവിയോട് ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 29 ന് മാടാളൻ അബ്ദുള്ളയുടെ പളുങ്ക് ബസാറിലെ വീട്ടിൽ നടന്ന മോഷണവും ഡോ.ഷക്കീർ അലിയുടെ വീട്ടിൽ നടന്ന മോഷണവും ഒരു സംഘം തന്നെ നടത്തിയതാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്.

ഡോ.ഫർസീനക്ക് ഒക്ടോബർ 21 ന് എറണാകുളത്ത് ഒരു ശസ്ത്രക്രിയ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് വേണ്ടി വ്യാഴാഴ്‌ച്ച രാത്രി 11 മണിക്കാണ് ഇവർ കാറിൽ പോയത്. അര മണിക്കൂറിനകം മോഷ്ടാക്കൾ വീട്ടിലെത്തി കവർച്ച നടത്തുകയും ചെയ്തു. ഇതിൽ നിന്നും ഡോക്ടറുടെ എല്ലാ വിവരങ്ങളും അറിയുന്ന ഒരാൾ കവർച്ചാ സംഘത്തിൽ ഉണ്ടാകുമെന്നു തന്നെയാണ് പൊലീസിന്റെ അനുമാനം. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം മോഷണം നടന്ന പ്രദേശത്ത് പട്രോളിങ്ങ് നടത്തിയിട്ടുണ്ട്.

ഇരുപതിലേറെ സി.സി.ടി.വി കാമറകൾ ഇതിനകം പരിശോധിച്ചിട്ടണ്ടെങ്കിലും സംശയിക്കത്തക്ക വിരലടയാളങ്ങളോ ദൃശ്യങ്ങളോ പൊലീസിന് ലഭിച്ചിട്ടില്ല എന്നാണ് വിവരം.