- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കേട്ടില്ല; വീട്ടമ്മ ജോലിക്ക് പോയ സമയത്ത് വീട് ഇടിച്ചു തകർത്ത് സഹോദര പുത്രൻ: അന്തിയുറങ്ങാൻ ഇടമില്ലാതെ ലീല
കൊച്ചി: വീട്ടമ്മ ജോലിക്കു പോയ സമയത്ത് വീട് ഇടിച്ചു തകർത്തു. വീട്ടമ്മയുടെ സഹോദരന്റെ പുത്രനാണ് ഇവർ ഇല്ലാതിരുന്ന സമയത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീട് ഇടിച്ചു തകർത്തത്. അവിവാഹിതയായ പെരുമ്പടന്ന വാടാപ്പിള്ളിപ്പറമ്പ് ലീലയുടെ വീടാണ് തകർത്തത്. ഉണ്ടായിരുന്ന വീടും പോയതോടെ അന്തിയുറങ്ങാൻ ഇടമില്ലാതായ ലീല (56) രണ്ടു ദിവസം തകർന്ന വീട്ടിൽ കഴിഞ്ഞു.
സംഭവത്തിൽ ലീലയുടെ സഹോദരന്റെ പുത്രൻ രമേഷിന് എതിരെ പൊലീസ് കേസെടുത്തു. രമേഷിനും കുടുംബത്തിനുമൊപ്പമാണ് ലീല ഈ വീട്ടിൽ താമസിച്ചിരുന്നത്. ലീലയോട് പലതവണ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണം എന്നു രമേഷ് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ലീല പറഞ്ഞു. വീടിരിക്കുന്ന സ്ഥലം ലീലയുടെ സഹോദരനും രമേഷിന്റെ പിതാവുമായ പരേതനായ കൃഷ്ണന്റെ പേരിലാണ്. എന്നാൽ, പൊളിച്ചു കളഞ്ഞ വീട് ലീലയുടെ മറ്റൊരു സഹോദരൻ പരേതനായ ശിവന്റെ പേരിലാണ്.
ഈ വീടിന്റെ നികുതി അടച്ചിരുന്നത് ശിവന്റെ മകൾ സിന്ധുവാണ്. വീട് പൊളിക്കുന്ന വിവരം രമേഷ് സിന്ധുവിനെയും അറിയിച്ചിരുന്നില്ല. വീട് പൊളിച്ചതിനെതിരെ സിന്ധുവും പൊലീസിൽ പരാതി നൽകി. വീടു പൊളിച്ചതിനു പിന്നാലെ രമേഷ് ഭാര്യവീട്ടിലേക്കു താമസം മാറി. നാട്ടുകാരിൽ ചിലർ വീടു പൊളിക്കുന്നതു കണ്ടെങ്കിലും സ്വത്തു തർക്കം തീർന്നതിനാൽ പൊളിച്ചതാണെന്നു കരുതി.
രണ്ടു വായ്പകളിലായി പറവൂർ സഹകരണ ബാങ്കിൽ ഈടു നൽകിയ സ്ഥലത്തിന് 40,36,000 രൂപ ബാധ്യതയുണ്ടെന്നും വീടു പൊളിച്ചതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും ബാങ്ക് പ്രസിഡന്റ് സി.പി.ജിബു പറഞ്ഞു. വീടു പൊളിച്ചതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ലീല പരാതി അയച്ചിട്ടുണ്ട്. ലീലയ്ക്കു താമസിക്കാൻ പൊളിച്ച വീടിനു സമീപം ഷെഡ് ഒരുക്കി നൽകുമെന്നു നാട്ടുകാർ പറഞ്ഞു.



