ചെന്നൈ: അമ്മയുടെ ചികിത്സക്കായി ബോളിവുഡ് താരം ആമിർഖാൻ മുംബൈയിൽനിന്ന് ചെന്നൈയിലേക്ക് താമസംമാറ്റുന്നു. അമ്മ സീനത്ത് ഹുസൈന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് താരം തൽക്കാലം ചെന്നൈയിലേക്ക് കുടിയേറുന്നത്. ചെന്നൈയിലുള്ള നക്ഷത്ര ഹോട്ടലിലാകും താരത്തിന്റെ താമസം. രണ്ടുമാസമെങ്കിലും ഇവിടെയുണ്ടാകുമെന്നാണ് വിവരം.

സീനത്ത് ഹുസൈനെ ഇതിനകം ചികിത്സയ്ക്കായി ചെന്നൈയിലെത്തിച്ചിട്ടുണ്ട്. ആരോഗ്യം മോശമായ അമ്മയ്ക്കരികെ എപ്പോഴുമുണ്ടാകണമെന്ന് നിർബന്ധമുള്ളതിനാലാണ് താമസം മാറ്റാൻ തീരുമാനിച്ചതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.

ആശുപത്രിക്കു സമീപമുള്ള ഹോട്ടലാണ് ആമിർ ബുക്കുചെയ്തിരിക്കുന്നത്. സിനിമാഭിനയവും നിർമ്മാണവും കൂടാതെ ഇനി കൂടുതൽസമയം കുടുംബത്തിനൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചുവെന്ന് കുറച്ചുനാൾമുമ്പ് ആമിർ പറഞ്ഞിരുന്നു.