കരിവെള്ളൂർ: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി. വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ 'കെടാവിളക്ക്' സ്‌കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നു. കൂടുതൽ മാർക്ക്, കുറഞ്ഞ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1,500 രൂപ നൽകും.

സംസ്ഥാനത്തെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ ഒ.ബി.സി. വിദ്യാർത്ഥികൾക്ക് 50 ശതമാനം കേന്ദ്രസഹായത്തോടെ 2022 വരെ പ്രീമെട്രിക് സ്‌കോളർഷിപ്പ് നൽകിയിരുന്നു. കഴിഞ്ഞവർഷം മുതൽ ഒൻപത്, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തി. ഒഴിവാക്കപ്പെട്ട എട്ടുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പുതിയ സ്‌കോളർഷിപ്പ്. കുടുംബവാർഷിക വരുമാനം രണ്ടരലക്ഷം രൂപയും തൊട്ടുമുൻപുള്ള ക്ലാസിലെ വാർഷിക പരീക്ഷയ്ക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്കും ഹാജരുമുള്ള കുട്ടികൾക്കാണ് അർഹത.

ഒന്നാം ക്ലാസിലെ വിദ്യാഥികൾക്ക് കുറഞ്ഞ വാർഷികവരുമാനം അടിസ്ഥാനമാക്കും. ഫണ്ടിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നതിനാൽ മുഴുവൻ അപേക്ഷകർക്കും കിട്ടണമെന്നില്ല. പിന്നാക്കവിഭാഗ വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാലയങ്ങളിൽ നവംബർ 15 വരെ അപേക്ഷ നൽകാം.