- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൺപത്തിരണ്ടുകാരിയെ പീഡിപ്പിച്ച ശേഷം സ്വർണമാല മോഷ്ടിച്ച് കടന്നു; പ്രതിക്ക് 30 വർഷം കഠിന തടവ്
നെടുമങ്ങാട്: എൺപത്തിരണ്ടുകാരിയെ പീഡിപ്പിച്ച ശേഷം സ്വർണമാല മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതിക്ക് 30 വർഷം കഠിന തടവും 1,40,000 രൂപ പിഴയും വിധിച്ചു. കോഴഞ്ചേരി തണ്ണിത്തോട് ഏഴാംതല മന്നത്ത് വീട്ടിൽ സുമേഷ് ചന്ദ്ര (27)നെയാണ് നെടുമങ്ങാട് അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി സുധീഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുകയായ 140000 രൂപ അതിജീവിതയ്ക്കു നൽകണമെന്നും വിധിയിൽ പറയുന്നു.
2018ലാണ് സംഭവം. മേലേപ്പുര തെറ്റിയോട് കോളനി പാങ്ങോട് ചരുവിള വീട്ടിൽ താമസിക്കുന്നതിനിടെ ക്ഷേത്രത്തിലേക്ക് പോയ വയോധികയെ പ്രതി ബലമായി പിടിച്ച് കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മാല കവർന്നെന്നാണ് കേസ്. ആനപ്പാപ്പാൻ ആയിരുന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പൊലീസ് തിരിച്ചറിഞ്ഞത്. 87 വയസ്സു പിന്നിട്ട അതിജീവിത മനോനില തകർന്ന അവസ്ഥയിലാണിപ്പോൾ.
കേസിൽ 24 സാക്ഷികളെ കോടതി വിസ്തരിച്ചു. 24 രേഖകൾ ഹാജരാക്കിയ ഈ കേസിൽ 10 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സരിത ഷൗക്കത്തലി ഹാജരായി.



