വൈത്തിരി: വയനാട് ചുരത്തിലെ വളവിൽ ചരക്കു ലോറികൾ തകരാറിലായതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് എട്ടാംവളവിൽ അമിത ഭാരം കയറ്റി വന്ന മൾട്ടി ആക്‌സിൽ ലോറി നിന്നുപോയത്.

ചെറു വാഹനങ്ങൾ ഒറ്റ വരി ആയി കടന്നുപോയെങ്കിലും കടന്നുപോകാനാകാതെ കർണാടകയുടെ ബസും മറ്റൊരു ലോറിയും വളവിൽ കുടുങ്ങിയതോടെ വാഹനങ്ങൾ മൊത്തത്തിൽ നിശ്ചലമായി.

അവധി ആഘോഷത്തിനെത്തിയ ആയിരങ്ങൾ ചുരത്തിൽ കുടുങ്ങി. അടിവാരം മുതൽ വയനാട് ചുണ്ടേൽ വരെ വാഹനങ്ങളുടെ നിര നീണ്ടു. ദാഹജലം കിട്ടാതെയും പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനാകാതെയും യാത്രക്കാർ വലഞ്ഞു.