തിരുവനന്തപുരം: വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ പങ്കുവച്ചത്. ഏവർക്കും വിജയദശമി ആശംസിക്കുന്നതായും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന പ്രിയപ്പെട്ട എല്ലാ കുഞ്ഞുകൂട്ടുകാർക്കും ആശംസകൾ നേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. കുരുന്നുകൾക്ക് നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ അറിയിക്കുന്നുവെന്നും താരം വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ ആദ്യാക്ഷരം കുറിക്കൽ കൂടാതെ നൃത്തം, സംഗീതം, മറ്റു കലകൾ എന്നിവയിലും വിജയദശമി ദിനത്തിൽ വിദ്യാരംഭം നടത്തി.

അറിവിന്റെ ആദ്യാക്ഷരം നുകരാനായി പുലർച്ചെ തന്നെ പല സ്ഥലങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂരിലെ തുഞ്ചൻ പറമ്പ്, പുനലൂർ ദക്ഷിണ മൂകാംബിക, തിരുവനന്തപുരം പൂജപ്പുര മണ്ഡപം എന്നിവിടങ്ങിലെല്ലാം വിദ്യാരംഭ ചടങ്ങുകൾക്കായി ആയിരക്കണക്കിനാളുകളാണ് എത്തിയിരിക്കുന്നത്.