കണ്ണൂർ: മദ്യ ലഹരിയിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും പൊലീസ് വാഹനം തകർക്കുകയും ചെയ്ത മുൻപൊലീസുകാരൻ അറസ്റ്റിൽ. ശ്രീകണ്ഠാപുരം ചെങ്ങളായി നെടുങ്ങോം ഐച്ചേരിയിലെ ടി.വി.പ്രദീപനെ (47)യാണ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏ.വി.ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

നേരത്തെ ആറോളം കേസിൽ പ്രതിയായതിനെ തുടർന്ന് പൊലിസ് സേനയിൽ നിന്നും മൂന്ന് മാസം മുൻപ് സസ്പെൻഡ് ചെയ്യപ്പെട്ടയാളാണ് പ്രദീപൻ. തളിപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലെത്തിയാണ് ഇയാൾ അതിക്രമം കാണിച്ചത്.

പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സ്ത്രീയുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ സംസാരിക്കുന്നതിനിടെ മദ്യ ലഹരിയിൽ സ്റ്റേഷനിലെത്തിയ പ്രതി പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും കോമ്പൗണ്ടിൽ നിർത്തിയിട്ട പൊലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടി തകർക്കുകയും ചെയ്യുകയായിരുന്നു. സ്റ്റേഷൻ എസ് എച്ച് ഒ യുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു.

നേരത്തെ കാഞ്ഞങ്ങാട് സൗത്തിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലത്ത് മദ്യലഹരിയിൽ കയറി അതിക്രമം കാണിച്ചതിനും കണ്ണൂരിൽ വനിതാ പൊലീസിനോട് അപമര്യാദയായി പെരുമാറിയതിനും ഉൾപ്പെടെ ആറു കേസുകളിൽ പ്രതിയായ ഇയാളെ പൊലീസ് സേനയിൽ നിന്നും ഇക്കഴിഞ്ഞ ഓഗസ്റ്റ് 9ന് സർവ്വീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

തളിപ്പറമ്പ് സ്റ്റേഷനിലെ സംഭവത്തോടെ ഇയാൾക്കെതിരെയുള്ള കേസുകളുടെ എണ്ണം ഏഴായി. കണ്ണൂർ എ. ആർ ക്യാംപിലെ സീനിയർ സിവിൽ പൊലിസ് ഓഫീസറായിരുന്ന പ്രദീപനെ വകുപ്പുതല അന്വേഷണം നടത്തിയാണ് സേനയ്ക്കു മാനക്കേടും തലവേദനയുമുണ്ടാക്കിയതിന് സർവീസിൽ നിന്നും പിരിച്ചുവിട്ടത്.