ചെറുതോണി: ഇടുക്കി ജില്ലയിൽ മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി കൂടി. 2352.64അടിയാണ് ചൊവ്വാഴ്ച വൈകീട്ടത്തെ ജലനിരപ്പ്. കഴിഞ്ഞയാഴ്ച 2350 അടിയായിരുന്നു. ഒരാഴ്ച പെയ്ത മഴയിലാണ് രണ്ടടി വെള്ളം ഉയർന്നത്. 2386.52അടിയായിരുന്നു കഴിഞ്ഞവർഷം ഇതേ ദിവസം ജലനിരപ്പ്. 33.88അടി വെള്ളം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുറവുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ വെള്ളംകൂടി. ഒറ്റദിവസംകൊണ്ട് ഒരടിയിലേറെ ഉയർന്നു. തിങ്കളാഴ്ച 122.32 അടിയായിരുന്ന ജലനിരപ്പ്. ചൊവ്വാഴ്ച 123.75 അടിയായി. 24 മണിക്കൂറിനിടെ വൃഷ്ടിപ്രദേശത്ത് 21.4 മില്ലിമീറ്റർ മഴ പെയ്തു. തേക്കടിയിൽ 22.4 മില്ലിമീറ്റർ മഴ കിട്ടി. അണക്കെട്ടിൽനിന്ന് തമിഴ്‌നാട്, സെക്കൻഡിൽ 700 ഘനയടി വെള്ളം കൊണ്ടുപോകുന്നു. അണക്കെട്ടിലേയ്ക്ക് സെക്കൻഡിൽ 1869 ഘനയടി വെള്ളം ഒഴുകി എത്തുന്നു.