നെടുമ്പാശ്ശേരി: ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിൽ നിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) വിഭാഗം നടത്തിയ പരിശോധനയിൽ 2.15 കോടി രൂപയുടെ സ്വർണം പിടികൂടി. അബുദാബിയിൽ നിന്നെത്തിയ വിമാനത്തിൽനിന്നാണ് ഡി.ആർ.ഐ. 3.461 കിലോ സ്വർണം പിടിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥരെത്തി വിമാനത്തിൽ പരിശോധന നടത്തി സ്വർണം കണ്ടെടുക്കുകയായിരുന്നു. സ്വർണ ബിസ്‌കറ്റുകളും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ സ്വർണ മിശ്രിതവുമാണ് ശൗചാലയത്തിൽ ഒളിപ്പിച്ചിരുന്നത്.

ഇൻഡിഗോ വിമാനം അബുദാബിയിൽനിന്ന് കൊച്ചിയിലെത്തിയ ശേഷം തുടർന്ന് ആഭ്യന്തര സർവീസാണ് നടത്തുന്നത്. സ്വർണക്കടത്ത് സംഘത്തിൽ പെട്ടയാൾ ഈ വിമാനത്തിൽ കൊച്ചിയിൽനിന്ന് ആഭ്യന്തര യാത്രക്കാരനായി കയറി സ്വർണം എടുത്ത് പരിശോധന കൂടാതെ പുറത്തെത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നു.