കൊച്ചി: കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് ഈ മാസം 27ലേക്ക് മാറ്റി. സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് എറണാകുളം കലൂർ പിഎംഎൽഎ കോടതി വിധി പറയുന്നത് മാറ്റിയത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. ഇരുവർക്കുമെതിരെ ഇഡി കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഈ രേഖകൾ കൂടി പരിശോധിച്ചാണ് ജാമ്യാപേക്ഷയിൽ മറ്റന്നാൾ വിധി പറയുക. മുദ്രവച്ച കവറിൽ കേസ് ഡയറിയും ഇഡി കോടതിയിൽ ഹാജരാക്കി.

അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇഡി കോടതിയിൽ അറിയിച്ചിരുന്നു. അരവിന്ദാക്ഷനെതിരായ കുറ്റപത്രം ഈ മാസം അവസാനത്തോടെ ഇഡി കോടതിയിൽ സമർപ്പിക്കും. എന്നാൽ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇഡി ചുമത്തിയതെന്നും ഇതിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അരവിന്ദാക്ഷന്റെ നിലപാട്.