തിരുവനന്തപുരം: സ്വന്തം പാർട്ടി കൈകാര്യം ചെയ്യുന്ന ഭക്ഷ്യവകുപ്പിന് എതിരെ രൂക്ഷവിമർശനവുമായി സിപിഐ. മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. ടാർഗറ്റ് പൂർത്തിയാക്കിയാലേ സപ്ലൈക്കോയിലെ താത്കാലിക ജീവനക്കാർക്ക് ശമ്പളമുള്ളൂ എന്ന് പറയുന്നത് മര്യാദക്കേടാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എ.ഐ.ടി.യു.സി. സെക്രട്ടേറിയറ്റിന് മുമ്പിൽ സംഘടിപ്പിച്ച സമരത്തിൽ വച്ചായിരുന്നു സ്വന്തം പാർട്ടിയിൽ നിന്നുള്ള മന്ത്രി ഭരിക്കുന്ന വകുപ്പിനെതിരേ പന്ന്യൻ രവീന്ദ്രന്റെ രൂക്ഷ വിമർശനം.

'സാധനം കൊടുക്കുന്ന ആളുകൾ പട്ടിണി കിടന്ന് ജീവിക്കാൻ പറ്റുമോ. ഒരു മാസം കൂലിപ്പണി എടുക്കുന്ന ആളുകൾക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ. സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നില്ലല്ലോ? ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തിന് ഒരു കുഴപ്പവുമില്ല. അവരുടെ ശമ്പളമെല്ലാം കൃത്യമായി ലഭിക്കുന്നുണ്ട്. കുഴപ്പം പാവപ്പെട്ടവർക്കാണ്. ഇത് സർക്കാരിന്റെ നയമല്ല. സർക്കാർ ജനങ്ങളുടെ സർക്കാരാണ്. നീതിപൂർവമായി നമ്മുടെ നാട്ടിൽ ഭരണം നടത്തുന്ന സർക്കാരാണ് ഈ സർക്കാർ. ലാഭമുണ്ടെങ്കിൽ ശമ്പളം കൊടുക്കുന്നതല്ല സർക്കാർ നയം, അത് കച്ചവടമാണ്. ഇത് കച്ചവടമല്ല ഭരണമാണ്', പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

'താത്ക്കാലിക ജീവനക്കാർ ടാർഗറ്റ് അച്ചീവ് ചെയ്താലേ ജോലി ചെയ്യാൻ കഴിയൂ എന്നത് മര്യാദകേടാണ്. ഉദ്യോഗസ്ഥന്മാർക്ക് ഒപ്പിട്ടാലും ഒപ്പിട്ടില്ലെങ്കിലും ശമ്പളം കൃത്യമായി ലഭിക്കും. ജീവനക്കാരുടെ കാര്യം അങ്ങനെയല്ല. ലക്ഷക്കണക്കിന് വ്യാപാരം നടന്നാൽ മാത്രമേ തൊഴിലാളി വേണ്ടൂ എന്നതാണ്. ചരിത്രത്തിൽ എവിടെയും ഇല്ലാത്ത ഏർപ്പാടാണ് അത്. ഇത് ജനാധിപത്യ ഭരണകൂടമാണ്. പഴയകാലത്ത് നമ്മുടെ നാട്ടിൽ നടന്നപോലെ മുതലാളിമാരുടെ പിടിച്ചുപറി നടക്കാനുള്ള ഏർപ്പാടല്ല ഇത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി തത്വാധിഷ്ടിത മുന്നണിയാണ്. തൊഴിലാളികൾ ആ മുന്നണിയുടെ സർക്കാർ വരാൻ പണിയെടുത്തവരാണ്. ഇന്നും സർക്കാരിന്റെ കൂടെ നിൽക്കുന്നവരാണ്. അവർ ഇങ്ങനെ വരേണ്ടിവന്ന അവസ്ഥ എങ്ങനെ ഉണ്ടായി. ആരാണ് ഉത്തരവാദികൾ. സാമ്പത്തിക പ്രശ്‌നം കേരളത്തിൽ ഉണ്ട്. അതിന് പരിഹാരം കാണണം. അതിന് ഇതാണോ മാർഗം', പന്ന്യൻ രവീന്ദ്രൻ ചോദിച്ചു.

ഓണത്തിന് ശേഷം പലമാസങ്ങളിലും സപ്ലൈക്കോയിലെ താത്ക്കാലിക ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇത്തരത്തിൽ പല പരാതികളും ഉയർന്നിരുന്നു. സപ്ലൈക്കോയിൽ സാമ്പത്തികപ്രതിസന്ധിയുണ്ട് എന്നതായിരുന്നു ശമ്പളം നൽകാതിരിക്കുന്നതിന് പ്രധാന കാരണമായി പറഞ്ഞിരുന്നത്. സബ്‌സിഡി സാധനങ്ങൾക്കടക്കം വിലവർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സപ്ലൈക്കോ സർക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു എ.ഐ.ടി.യുസി സെക്രട്ടേറിയറ്റിന് മുമ്പിൽ സമരം സംഘടിപ്പിച്ചത്.