മണ്ണുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വർഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. തൃശ്ശൂർ അതിവേഗ പ്രത്യേക പോക്സോ കോടതിയുടേതാണ് ഉത്തരവ്. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം.

മുളയം കൂട്ടാല കൊച്ചുപറമ്പിൽ അരുൺ (32), മാന്ദാമംഗലം മൂഴിമലയിൽ ഷർമിള (48) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. മണ്ണുത്തി പൊലീസ്സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന എം. ശശിധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എ. സുനിത, അഡ്വ. ടി. ഋഷിചന്ദ് എന്നിവർ ഹാജരായി.