തിരുവനന്തപുരം: മണക്കാട് ആളില്ലാത്ത വീട്ടിൽ നിന്ന് 87.5 പവൻ കവർന്ന കേസിൽ ഒന്നാം പ്രതി വള്ളക്കടവിൽ താമസിക്കുന്ന നെടുമങ്ങാട് സ്വദേശി ഷഫീക്ക് (30) എന്ന സ്ഥിരം മോഷ്ടാവിന് ജാമ്യമില്ല.

2023 ജൂലൈ 10 മുതൽ ജയിലിൽ കഴിയുന്ന പ്രതിക്കാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിക്കപ്പെട്ട കേസിൽ വിചാരണ ആരംഭിക്കാനിരിക്കുന്ന വിചാരണ ഘട്ടത്തിലാണ് കേസ് എത്തി നിൽക്കുന്നത്. കേസ് റെക്കോഡുകൾ പരിശോധിച്ചതിൽ പ്രതിയുടെ ഉൾപ്പെൽ പ്രഥമദൃഷ്ട്യാ കാണുന്നുണ്ട്. ഗൗരവമേറിയതും ഗുരുതരവുമായ കുറ്റ കൃത്യം ചെയ്തതായി ആരോപിക്കപ്പെടുന്ന കേസിലെ പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനോ സാധ്യതയുണ്ട്. ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി.

ഷഫീഖിനെ തന്റെ വീട്ടിൽ ഒളിവിൽ പാർക്കാൻ സഹായിക്കുകയും കളവു മുതൽ നേരുകേടായി സ്വീകരിക്കുകയും കളവു മുതൽ പതിവായി കൈകാര്യം ചെയ്യുകയും കളവു മുതൽ ഒളിച്ചു വയ്ക്കുന്നതിനും ജൂവലറികളിൽ വിൽക്കുന്നതിനും സഹായിച്ചയാളുമായ ബീമാ കണ്ണ് (47) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. മണക്കാട് ശ്രീവരാഹം മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം ആർ ബാലസുബ്രഹ്‌മണ്യ അയ്യരുടെ വീട്ടിൽ 2023 ജൂലൈ 7 നാണ് മോഷണം നടന്നത്. സുബ്രഹ്‌മണ്യ അയ്യരുടെ അലമാരയിലെ 58.5 പവനും മകന്റെ മുറിയിലെ അലമാരയിൽ നിന്ന് 29 പവനുമാണ് കവർന്നത്.

ബാലസുബ്രഹ്‌മണ്യ അയ്യരുടെ മകൻ രാമകൃഷ്ണന്റെ മകന്റെ ഉപനയന ചടങ്ങിനായി ലോക്കറിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന സ്വർണമാണ് മോഷണം പോയത്. ഫോർട്ട് പൊലീസിന്റെ പ്രത്യേക സംഘം ജൂലൈ 10 ന് ഉച്ചയോടെയാണ് മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ നിന്നും ഷെഫീക്കിനെ പിടികൂടിയത്. സ്വർണത്തിന്റെ ഒരു ഭാഗവും ഷെഫീക്കിൽ നിന്ന് കണ്ടെടുത്തു. രഹസ്യ കേന്ദ്രത്തിലെത്തിച്ച് പ്രതിയെ പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തു. ശേഷിച്ച സ്വർണം കണ്ടെത്താനായി രാത്രി തന്നെ പ്രതിയുമായി നെടുമങ്ങാട്ടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും പൊലീസ് പോയി.

മോഷണത്തിന് സൗകര്യമുള്ള വീടുകൾ തിരഞ്ഞ് നടക്കവേ അപ്രതീക്ഷിതമായി കൃത്യ വീട് കണ്ട് മോഷ്ടിക്കാൻ കയറിയതാണെന്നാണ് ഷെഫീക്ക് പൊലീസിന് നൽകിയതായി കോടതിയിൽ പൊലീസ് ഹാജരാക്കിയ കുറ്റസമ്മത മൊഴിയിൽ പറയുന്നത്. മോഷ്ടിച്ച് വീടിന് പുറത്തിറങ്ങും മുമ്പ് വീട്ടിലിരുന്ന പഴങ്ങളും ഭക്ഷിച്ചതായി കുറ്റസമ്മത മൊഴിയിലുണ്ട്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളം പൊലീസിന്റെ പട്ടികയിലുള്ള ഷെഫീക്കിന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഫോർട്ട്, തമ്ബാനൂർ, വിഴിഞ്ഞം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഷാഡോ പൊലീസും പ്രതിക്കായി നഗരത്തിൽ വലവിരിച്ചു നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി ലോഡ്ജിൽ താമസിക്കുന്നെന്ന വിവരം ലഭിച്ചത്.

മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന ഷെഫീഖ് സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ല. മൊബൈൽ ഫോണും ഉപയോഗിക്കാറില്ല. രാത്രികാലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പ്രതി വീടുകൾ നോക്കിവച്ചശേഷം മറ്റൊരു ദിവസം മോഷ്ടിക്കുന്നതാണ് രീതി. മോഷണത്തിന് ശേഷം ലോഡ്ജുകളിൽ മുറിയെടുത്ത് താമസിക്കും.