കണ്ണൂർ: പരശുറാം എക്സ്‌പ്രസിൽ ഒരു ജനറൽ കോച്ചു കൂടി അനുവദിക്കുമെന്ന് സതേൺ റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായി ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗവും റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി മുൻ ചെയർമാനുമായ പി.കെ. കൃഷ്ണദാസ് അറിയിച്ചു. പരശുറാം എക്‌സപ്രസിൽ യാത്രക്കാർ തിരക്ക് കാരണം ബുദ്ധിമുട്ടനുഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റെയിൽവേ ഉദ്യോഗസ്ഥരായ ഓപ്പറേഷൻസ് പിസിപിഒ ചെന്നൈ ശ്രീകുമാർ, സതേൺ റെയിൽവേ ജനറൽ മാനേജർ എസ്.കെ. സിങ് എന്നിവരുമായാണ് ഇതു സംബന്ധിച്ച് ഇന്നലെ അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.

നിലവിൽ 21 കോച്ചുകളുള്ള പരശുറാമിൽ ഒന്നു കൂടി വർദ്ധിക്കുന്നതോടെ 22 ആകുമെന്നും നിലവിൽ ജനറൽ കോച്ചുകൾ കുറച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 15 കോച്ചുകൾ ജനറലാണ്. ഒന്നുകൂടി വർദ്ധിക്കുമ്പോൾ യാത്രാ ക്ലേശം പരിഹരിക്കപ്പെടും. റോഡ് യാത്ര ദുരിതമായതോടെ ജനങ്ങൾ കൂടുതലായും ട്രെയിനിനെ ആശ്രയിക്കുന്ന സാഹചര്യമാണ്. ഇതാണ് തിരക്ക് വർദ്ധിക്കാൻ കാരണം.

ഹ്രസ്വ ദൂര യാത്രക്കാർക്കായി കൂടുതൽ മെമു സർവ്വീസുകൾ കണ്ണൂർ-കോഴിക്കോട്, കണ്ണുർ-ഷൊർണൂർ റൂട്ടിൽ ആരംഭിക്കണമെന്ന് റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യവും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും കൃഷ്ണദാസ് പറഞ്ഞു.