കണ്ണൂർ :വടക്കെമലബാറിൽ യാത്രാദുരിതത്തിനിടെയിൽ മോഷ്ടാക്കളുടെ വിളയാട്ടവും. യാത്രക്കാരുടെ കനത്ത തിരക്കുള്ള ട്രെയിനിൽ കവർച്ച നടത്തിയ മോഷ്ടാക്കളെ കണ്ണൂർ റെയിൽവെ പൊലിസ് നടത്തിയ ജാഗ്രതയോടെയുള്ള പരിശോധനയിൽ പിടികൂടി. മണിക്കൂറുകൾക്കകമാണ് കണ്ണൂർ റെയിൽവെ പൊലിസ് ഉദ്യോഗസ്ഥരായ സുരേഷ് കക്കറയും മഹേഷും നടത്തിയ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടിയത്.

വ്യാഴാഴ്‌ച്ച രാവിലെ തിരുവനന്തപുരം മംഗലാപുരം മലബാർ എക്സ്പ്രസിൽ തൃശ്ശൂരിൽ നിന്നും കണ്ണൂർ വരെ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇവർ എസ് 4 കോച്ചിൽ കൊല്ലത്തുനിന്നും കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്നു ഈസമയം ബിഡിഎസ് വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ മോഷണം പോയതായി അറിയുകയും ഇതിനിടെ എസ് 9കോച്ചിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിച്ചെടുത്തു കൊണ്ടുപോകാൻ ശ്രമിച്ചതായ വിവരവും ലഭിച്ചു.

എ വൺകോച്ചിൽ കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരന്റെ പേഴ്സ് മോഷണം പോയതായും അറിഞ്ഞു. മോഷണ പരമ്പര നടത്തിയ പ്രതികൾ ട്രെയിനിൽ ഉണ്ടെന്നും ഷൊർണൂറിൽ എത്തിയാൽ ഇറങ്ങിപ്പോകാൻ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇരുവരും പെട്ടെന്ന് തന്നെ കോച്ചുകളിൽ പരിശോധന നടത്തുകയായിരുന്നു.

പൊലിസ ് ഉദ്യോഗസ്ഥരെ കണ്ട പ്രതികളായ രണ്ടു യുവാക്കൾ എ വൺകോച്ചിന്റെ ബാത്റൂമിൽ കയറി ഒളിക്കുകയായിരുന്നു. ഡോർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും തുറക്കാതിരുന്നതിനാൽ ട്രെയിൻ ഷോർണൂരിൽ എത്തിയ സമയത്ത് ജിആർപി യുടെയും റെയിൽവേ ജീവനക്കാരുടെയും സഹായത്തോടുകൂടി ഡോർ പൊളിച്ച് മതിയായ ബലംപ്രയോഗിച്ച് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മോഷണം ചെയ്ത മൊബൈൽ ഫോൺ ട്രെയിനിനുള്ളിൽ തന്നെ വെച്ച് നശിപ്പിച്ച് ക്ലോസറ്റിൽ നിക്ഷേപിച്ചതായി പറഞ്ഞു.

ഫോർട്ട് കൊച്ചി സ്വദേശി തൻസീറും, പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയുമാണ് മോഷണ പരമ്പര നടത്തിയത്. നിരവധി എൻഡിപി. എസ് കേസുകളിൽ പ്രതികളായവരാണെന്നും ഇതിൽ തൻസീർ കോഴിക്കോട് ബീവറേജ് കുത്തി തുറന്ന കേസിലെ പ്രതിയാണെന്നും റെയിൽവെ പൊലിസ് പറഞ്ഞു. യാത്രക്കാരായ ഇരുവരുടെയും പരാതി സഹിതം പ്രതികളെ തുടർ ചോദ്യം ചെയ്യുന്നതിനും മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതിനും ആയി ഷൊർണൂർ ജിആർപിക്ക് കൈമാറി.

ഈ സംഭവവുമായി ബന്ധപ്പെട്ട് മലബാർ എക്സ്പ്രസ് 20 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. ട്രെയിനിൽ ഒരു മോഷണ പരമ്പര തന്നെ സൃഷ്ടിച്ച പ്രതികളെ യഥാസമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് പിടികൂടാൻ ഇടയാക്കിയത്. വരുംദിവസങ്ങളിലും ട്രെയിനിൽ പരിശോധന കർശനമാക്കുമെന്ന് റെയിൽവെ പൊലിസ് അറിയിച്ചു.

ഇതിനിടെ വടക്കെമലബാറിൽ തിങ്ങി നിറഞ്ഞ ട്രെയിനുകളിൽ യാത്രക്കാർ കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് മോഷണവും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും പെരുകുന്നത്. കഴിഞ്ഞ ദിവസം മംഗ്ളൂരിൽ നിന്നും നാഗർകോവിലേക്കുള്ള പരശുറാം എക്സ്പ്രസിൽ കയറിയ യാത്രക്കാരി തിരക്കിനിടെയിൽപ്പെട്ടു കുഴഞ്ഞുവീണിരുന്നു. കോഴിക്കോട്ടെ ഒരുസ്വകാര്യസ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനി തലശേരിയിൽ നിന്നാണ് കയറിയത്. കാലുകുത്താൻപോലും കഴിയാത്ത ട്രെയിനിൽ തിങ്ങിഞെരുങ്ങി നിൽക്കുമ്പോഴാണ് ഇവർ കൊയിലാണ്ടിയിലെത്തിയപ്പോൾ കുഴഞ്ഞുവീഴുന്നത്. ഇതിനിടെ സഹയാത്രികരിലൊരാൾ എഴുന്നേറ്റു സീറ്റുനൽകിയതിനാലാണ് അവശയായ വിദ്യാർത്ഥിനി കോഴിക്കോട്ടെത്തിയത്.

കഴിഞ്ഞ പതിനാറാംതീയ്യതി പരശുറാമിന്റെ ലേഡീസ് കോച്ചിലും കോഴിക്കോട് സ്റ്റേഷനിലെത്തും മുൻപെ യാത്രക്കാരി കുഴഞ്ഞുവീണിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ ചെന്നൈമെയിലിലെ ജനറൽ കോച്ചിലെ തിരക്കിൽപ്പെട്ടു കുഴഞ്ഞുവീണ നഴ്സിങ് വിദ്യാർത്ഥിനിയെ റെയിൽവെപൊലിസെത്തിയാണ് രക്ഷപ്പെടുത്തിയത്. കോഴിക്കോട് നഴ്സിങിന് പഠിക്കുന്ന കാസർകോട് സ്വദേശിനിയായ വിദ്യാർത്ഥിന അവധി കഴിഞ്ഞു കോളേജിലേക്ക് പോകുന്നതിനിടെയാണ് തളർന്നുവീണത്. ഇവരെ പയ്യന്നൂരിൽ ഇറക്കി സി. പി. ആർ നൽകി അതിവേഗം റെയിൽവെ പൊലിസ് ആശുപത്രിയിലെത്തിച്ചതുകൊണ്ടുമാത്രമാണ് ജീവൻ രക്ഷപ്പെട്ടത്.

യാത്രക്കാർ തിങ്ങിനിറഞ്ഞ് പോകുമ്പോഴും കേരളത്തിൽ ഓടിക്കുന്നത് പന്ത്രണ്ട് മെമു ട്രെയിനുകൾ മാത്രമാണ്. ഇവയിൽ എട്ടെണ്ണം ആഴ്ചയിൽ ഒരുദിവസം സർവീസ് നടത്താറുമില്ല. യാത്രാതിരക്ക് കണക്കിലെടുത്താൽ ഏറ്റവും കുറവ് മെമു സർവീസ് നടത്തുന്നത് കേരളത്തിലാണെന്ന് റെയിൽവെ പാസഞ്ചേഴ്സ് ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.