തിരുവനന്തപുരം: നടൻ വിനായകന്റെ പൊലീസ് സ്റ്റേഷനിലെ പെരുമാറ്റത്തെക്കുറിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രതികരണം വിവാദത്തിൽ. സജി ചെറിയാന്റെ പ്രസ്താവന പ്രതിഷേധാർഹമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

വിനായകന്റെ പെരുമാറ്റത്തെ കലാകാരന്റെ കലാപ്രകടനം ആയി കണ്ടാൽ മതിയെന്നും ആ പ്രകടനം പൊലീസ് സ്റ്റേഷനിൽ ആയിപ്പോയെന്നുമായിരുന്നു വിഷയത്തിൽ സജി ചെറിയാൻ പ്രതികരിച്ചത്. വിനായകൻ മദ്യപിച്ച് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയത് നാട്ടുകാർ കണ്ടതാണെന്നും സാംസ്‌കാരിക മന്ത്രിക്ക് ചേർന്ന പ്രസ്താവന അല്ല ഇതെന്നും ചെന്നിത്തല പറഞ്ഞു. വിനായകനെ മന്ത്രി പിന്തുണക്കുന്നത് ഇടതു സഹയാത്രികനായതിനാലാണ് എന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

നടൻ വിനായകന് സ്റ്റേഷൻ ജാമ്യം നൽകിയതിൽ വിമർശനവുമായി ഉമ തോമസ് എംഎൽഎ രംഗത്തെത്തിയിരുന്നു. സഖാവായതുകൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ്എംഎൽഎ ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നു. വിനായകന് ജാമ്യം നൽകാൻ ക്ലിഫ് ഹൗസിൽ നിന്ന് നിർദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎൽഎ പ്രതികരിച്ചു.

ജാമ്യമില്ലാത്ത വകുപ്പിട്ട് കേസെടുക്കേണ്ട സംഭവമായിരുന്നു നടന്നത്. പാർട്ടി ബന്ധമുണ്ടെങ്കിൽ പൊലീസിടപെടൽ ഇങ്ങനെയാണ്. ലഹരി പരിശോധന ഫലത്തിന് പോലും കാത്ത് നിൽക്കാതെയാണ് വിനായകന് ജാമ്യം നൽകിയതെന്നും എംഎൽഎ വിമർശിച്ചു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിനും അസഭ്യം പറഞ്ഞതിനും അറസ്റ്റ് ചെയ്ത നടൻ വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെയായിരുന്നു ഉമ തോമസിന്റെ വിമർശനം.