ഇടുക്കി: നെടുംകണ്ടം തൂക്കുപാലത്ത് ബസ് സ്റ്റാൻഡിന് സമീപം കെട്ടിടം പണിക്കായി തയ്യാറാക്കിയ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടം പണിക്കായി കുഴിയെടുത്ത പില്ലർ കുഴിയിലാണ് മൃതദേഹം കണ്ടത്. അബദ്ധത്തിൽ കാൽവഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം. നെടുംകണ്ടം പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

തലകീഴായ നിലയിലാണ് കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. ആളെ തിരിച്ചറിയാനുള്ള അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. വിവരമറിയിച്ച് നാട്ടുകാരായ നിരവധി പേരാണ് ഇവിടേക്ക് എത്തിയത്.

ബസ് സ്റ്റാൻഡിനു സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തെ തൂൺ നിർമ്മിക്കുന്നതിനായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടത്. മുഖം വ്യക്തമല്ല. ഇന്ന് രാവിലെ പെട്രോൾ വാങ്ങുന്നതിനായി കുപ്പി അന്വേഷിച്ചു വന്നവരാണ് മൃതദേഹം കണ്ടത്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നെടുങ്കണ്ടം പൊലീസ് സംഭവ സ്ഥലത്ത് എത്തി. ഫോറൻസിക് വിദഗ്ദ്ധർ എത്തി. ഏകദേശം 45 വയസിലധികം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.