എറണാകുളം: എംഎൽഎ സ്റ്റിക്കർ വ്യാജമായി ഒട്ടിച്ച തെലങ്കാന രജിസ്‌ട്രേഷൻ വാഹനവുമായി കൊച്ചിയിലെത്തിയ തട്ടിപ്പ് കേസ് പ്രതി പിടിയിൽ. തെലങ്കാന സ്വദേശി അജിത് ബുമ്മാറയെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനം ഇടിച്ച് മരട് നിരവത്തെ മതിൽ തകർന്നിരുന്നു.

അപകടം നടന്നതിന് പിന്നാലെ വാഹനം കസ്റ്റഡിയിലെടുത്തപ്പോഴാണ് വാഹനത്തിൽ ഒട്ടിച്ച എംഎൽഎ സ്റ്റിക്കർ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത് ബുമ്മാറ തെലങ്കാനയിൽ തട്ടിപ്പ് കേസിൽ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രതി കൊച്ചിയിലെത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.

പ്രതിയെ പിടികൂടുന്നതിനായി തെലങ്കാന പൊലീസ് ഉദ്യോഗസ്ഥർ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. വാടകയ്ക്ക് എടുത്ത കാറുമായാണ് പ്രതി കൊച്ചിയിൽ എത്തിയത്. തെലങ്കാനയിൽ നിന്നും അന്വേഷണ സംഘം എത്തിയതിന് ശേഷമാകും കേസിൽ തുടർനടപടികൾ ആരംഭിക്കുക.