ശിവഗിരി: ജീവകാരുണ്യ, സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു കോടിയിലധികം രൂപ ചെലവിട്ട് ശിവഗിരിമഠം. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് വാർഷിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ചെങ്കല്ലൂർ, ആലുവ, തോട്ടുംമുഖം, തൃത്താല, മുക്കുടം, പെരിങ്ങോട്ടുകര, ചക്കുപള്ളം, കരിങ്കുന്നം, പാമ്പാടുംപാറ തുടങ്ങിയ ആശ്രമ ശാഖകളിലെ ഭൂമികളിൽ വിവിധയിനം കൃഷികൾ വ്യാപിപ്പിക്കും. സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി ശിവഗിരി, ചെമ്പഴന്തി, കുന്നുംപാറ, അരുവിപ്പുറം മഠങ്ങളിൽ നടന്നുവരുന്ന നിർമ്മാണപുരോഗതിയും റിപ്പോർട്ടിലുണ്ട്.

ശിവഗിരിയിലെ പ്രധാന കവാടത്തിന്റെയും ജലസംഭരണിയുടെയും നിർമ്മാണം അവസാനഘട്ടത്തിലാണ്. ധർമസംഘം ട്രസ്റ്റ് വക വിദ്യാലയങ്ങളുടെ പ്രവർത്തനമികവും റിപ്പോർട്ടിലുണ്ട്. ആതുരശുശ്രൂഷാരംഗത്ത് കാര്യമായ പങ്ക് തുടർന്നും വഹിക്കുമെന്നും വ്യക്തമാക്കി. റിപ്പോർട്ട് ഏകകണ്ഠമായി സമ്മേളനം പാസാക്കി. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയ സന്ന്യാസിമാർ ചർച്ചകളിൽ പങ്കെടുത്തു.