കൊച്ചി: എ.ഡി.ജി.പി.യായിരുന്ന സുധേഷ്‌കുമാറിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ചിന്റെ കരട് കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളിൽ എ.ഡി.ജി.പി.ക്ക് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കുറ്റപത്രം ലഭിച്ചാൽ അത് ബന്ധപ്പെട്ട കോടതിയിൽ സമർപ്പിക്കാനുള്ള നടപടികൾ എ.ഡി.ജി.പി. (ക്രൈം) രണ്ടു മാസത്തിനുള്ളിൽ സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.

അന്വേഷണം പൂർത്തിയാക്കിയിട്ടും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കാട്ടി ഗവാസ്‌കർ നൽകിയ ഹർജിയിലാണ് ഉത്തരവ്. എ.ഡി.ജി.പി.ക്ക് ലഭിച്ച റിപ്പോർട്ടിൽ അപാകം ഉണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ചിന് മടക്കിനൽകിയെന്നും കരട് കുറ്റപത്രം ഉടൻ കൈമാറുമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു.