- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടനം; ആദ്യഘട്ടത്തിൽ 473 കെ.എസ്.ആർ.ടി.സി.ബസുകൾ സർവീസ് നടത്തും: വെർച്വൽ ക്യൂവിൽ ടിക്കറ്റ്
പമ്പ: ശബരിമല മണ്ഡലപൂജ, മകരവിളക്ക് കാലയളവിൽ ആദ്യഘട്ടത്തിൽ 473 കെ.എസ്.ആർ.ടി.സി.ബസുകൾ സർവീസ് നടത്തും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അധിക സർവീസുകൾ നടത്തും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വെർച്വൽ ക്യൂവിലും ടിക്കറ്റ് ബുക്ക് ചെയ്യാം.
ഡിസംബർ അഞ്ചുവരെയുള്ള ആദ്യഘട്ടത്തിൽ ലോ ഫ്‌ളോർ നോൺ എ.സി.-140, വോൾവോ ലോ ഫ്‌ളോർ എ.സി.- 60, ഡീലക്‌സ് -15, സൂപ്പർഫാസ്റ്റ് - ഫാസ്റ്റ് പാസഞ്ചർ -245, സൂപ്പർ എക്സ്‌പ്രസ് -10, മൂന്നു ഷോർട്ട് വീൽബേസ് എന്നിങ്ങനെ 473 ബസുകൾ തയ്യാറാക്കും. ഡിസംബർ ആറുമുതലുള്ള രണ്ടാംഘട്ടത്തിൽ ഇത് 513 ബസുകളാക്കി ഉയർത്തും. മകരവിളക്ക് കാലഘട്ടത്തിൽ വിവിധ ഇനത്തിലുള്ള 800 ബസുകൾ സർവീസിനായി വിനിയോഗിക്കും.
കേരളത്തിലെ എല്ലാ പ്രധാന സെന്ററുകളിൽനിന്നും ആവശ്യം അനുസരിച്ച് സർവീസുകൾ ക്രമീകരിക്കും. 40-ൽ കൂടുതൽ യാത്രക്കാർ ഗ്രൂപ്പായി ബുക്ക് ചെയ്താൽ ഏത് സ്ഥലത്തുനിന്നും യാത്രക്കാരെ കൊണ്ടുപോകാൻ സൗകര്യം ഒരുക്കും.
യോഗത്തിൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്, കളക്ടർ എ. ഷിബു, ജില്ലാ പൊലീസ് മേധാവി വി.അജിത്ത്, കെ.എസ്.ആർ.ടി.സി. സി.എം.ഡി. (ഇൻചാർജ്) എസ്. പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.



