കണ്ണൂർ: കേരളത്തിലെ ഇടത്, വലത് മുന്നണികൾ ഹമാസിനെ അനുകൂലിക്കുന്നത് കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി ആരോപിച്ചു. കണ്ണൂർ മാരാർജി ഭവനിൽ ബിജെപി ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ ഏകദിന ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹമാസെന്ന മതഭീകരവാദ സംഘടനയെ വെള്ള പൂശാൻ ഇരു വിഭാഗവും മത്സരിക്കുകയാണ്. ലീഗ് ഹമാസിനെ വിശേഷിപ്പിച്ചത് സ്വാതന്ത്ര്യസമര പോരാളികളെന്നാണ്. ഇന്ത്യയിലെ ഇസ്ലാമിക വിഭാഗങ്ങളിൽ വളർന്നുവന്ന ചില ഭീകരവാദ സംഘടനകളുണ്ടായിരുന്നു. മദനിയുടെ ഐഎസ്എസ്, പോപ്പുലർ ഫ്രണ്ട് എന്നിവയെ ഭീകരവാദികളെന്ന് പറഞ്ഞ മുസ്ലിം ലീഗ് ഐഎസ്‌ഐഎസിനെക്കാൾ പതിന്മടങ്ങ് ഭീകരവാദിയായ ഹമാസിനെ പോരാളികളെന്ന് പറഞ്ഞ് വെള്ള പൂശുന്നത് ഇരട്ടത്താപ്പ് രാഷ്ട്രീയമാണ്. ലീഗിന്റെ ഇരട്ടത്താപ്പിനെ കുറിച്ച് സിപിഎം മൗനം പാലിക്കുന്നു. കോൺഗ്രസ്സിന് പ്രതികരണമില്ല. കേരളത്തിലെ തീവ്ര മുസ്ലിം വിഭാഗങ്ങളുടെ പിന്തുണയ്ക്ക് വേണ്ടി ഇവർ മത്സരിക്കുന്ന ദയനീയമായ കാഴ്ചയാണ് നാം കാണുന്നത്.

സിപിഎം എന്നും സ്വീകരിച്ചിട്ടുള്ളത് വികസന വിരുദ്ധ നിലപാടുകളാണ്. കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ് പിണറായിയും ശിവൻകുട്ടിയും പറയുന്നത്. പണ്ട് കമ്പ്യൂട്ടറിനെ എതിർത്തത് പോലുള്ള ഹിമാലയൻ വിഢിത്തമാണിതെന്ന് സിപിഎമ്മിന് പിന്നീട് ബോധ്യപ്പെടും. കാരണം കേന്ദ്ര മത്സര പരീക്ഷകളെല്ലാം എൻസിഇആർടി സിലബസ്സിനെ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്. കേരളത്തിൽ സിലബസ്സ് പരിഷ്‌കാരത്തിന് എതിരായാൽ മത്സര പരീക്ഷകളൽ നിന്ന് നമ്മുടെ വിദ്യാർത്ഥികൾ പിറകോട്ട് പോകും. അതുകൊണ്ട് പിൻതിരിപ്പൻ നിലപാടിൽ നിന്ന് പിണറായി സർക്കാർ മാറിച്ചിന്തിക്കണം. വിദ്യാഭ്യാസവും ചിന്തശേഷിയുമുള്ള യുവതലമുറയുള്ള കേരളത്തിൽ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യവാദികളായ വോട്ടർമാരുടെ പിൻതുണയോടെ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന ഉപധ്യക്ഷൻ പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ദേശീയ പരിശീലന വിഭാഗം കൺവീനർ സന്തോഷ് കുമാർ ഗുപ്ത, സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കറ്റ് ബി. ഗോപാല കൃഷ്ണൻ, സംസ്ഥാന ട്രഷറർ അഡ്വക്കറ്റ് ഇ. കൃഷ്ണദാസ്, സംസ്ഥാന വക്താവ് കെ.വി എസ്. ഹരിദാസ്, ദേശീയ സമിതിയംഗം സി.കെ. പത്മനാഭൻ, സംസ്ഥാന സമിതിയംഗം ശ്രീപത്മനാഭൻ, മേഖലാ സംഘടനാ സെക്രട്ടറി കാശിനാഥൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് സ്വാഗതവും മേഖലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.