- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സവാളയ്ക്ക് 60 രൂപ ചെറിയ ഉള്ളിക്ക് 90ഉം; വരും ദിവസങ്ങളിൽ വില ഇനിയും കൂടിയേക്കും
കോയമ്പത്തൂർ: സവാള വില കുതിക്കുന്നു. കോയമ്പത്തൂർ മാർക്കറ്റിൽ ശനിയാഴ്ച 60 രൂപയാണ് സവാളയുടെ വില. കർണാടകത്തിലെ ഉത്പാദനക്കുറവും ഉത്സവകാലവുമാണ് സവാളയുടെ വില കുതിക്കാൻ കാരണം. വരുംദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് പറയുന്നത്. കിലോഗ്രാമിന് 60 രൂപയുണ്ടെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് വില കുറവാണെന്ന് എം.ജി.ആർ. മാർക്കറ്റിലെ വ്യാപാരിയായ എം. രാജേന്ദ്രൻ പറഞ്ഞു.
കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് ഇപ്പോൾ സവാള വരുന്നത്. കർണാടകയിൽ വിളവ് കുറഞ്ഞതാണ് തിരിച്ചടിയായത്. മഹാരാഷ്ട്രയിൽ പുതിയ സീസൺ തുടങ്ങിയിട്ടില്ലെങ്കിലും സംഭരിച്ചുവെച്ച സവാളയാണ് വരുന്നത്. അടുത്ത സീസൺ ആരംഭിക്കാൻ ഡിസംബർ വരെ കാത്തിരിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ നവംബർ പകുതിവരെ സവാളയുടെ വില കൂടാനാണ് സാധ്യത.
വില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ വിപണിയിൽനിന്നു വൻതോതിൽ സവാള സംഭരിച്ചിരുന്നു. ഇതാണ് ഇപ്പോൾ വിപണിയിൽ ഇറക്കുന്നത്. ഉത്പാദനം കുറഞ്ഞിട്ടും സവാളയ്ക്ക് വലിയതോതിൽ ക്ഷാമം നേരിടുന്ന സ്ഥിതി ഉണ്ടായിട്ടില്ല. ക്ഷാമം നേരിട്ടാൽ വില വല്ലാതെ ഉയരാൻ തുടങ്ങും.
തമിഴ്‌നാട്ടിൽ മാത്രം കൃഷിയുള്ള ചെറിയ ഉള്ളിക്ക് ഡിമാൻഡ് കൂടിയതിനാൽ ദിവസങ്ങളായി നല്ല വിലയുണ്ട്. പൂജാ ആഘോഷവും കയറ്റുമതി കൂടിയതുമാണ് വില കൂടാൻ കാരണമെന്നു പറയുന്നു. കർഷകരും വ്യാപാരികളുമെല്ലാം ചെറിയ ഉള്ളി സംഭരിച്ചുവയ്ക്കുകയാണ്. ദീപാവലി അടുക്കുന്നതോടെ വില വീണ്ടും കൂടും. മുന്തിയയിനം ചെറിയ ഉള്ളി മുഴുവൻ വിദേശത്തേക്ക് കയറ്റി അയക്കുന്നതിനാൽ പ്രാദേശിക വിപണികളിൽ ആവശ്യത്തിന് എത്തുന്നില്ല.



