- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാർ കൂട്ടത്തോടെ കല്ല്യാണത്തിനു പോയി; പഴയന്നൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മണിക്കൂറുകളോളം സ്തംഭിച്ചു
പഴയന്നൂർ: ജീവനക്കാർ കൂട്ടത്തോടെ കല്ല്യാണത്തിനു പോയതോടെ പഴയന്നൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മണിക്കൂറുകളോളം സ്തംഭിച്ചു. ഓഫീസിലെത്തിയ നാട്ടുകാരാണ് ജീവനക്കാർ കൂട്ടത്തോടെ പുറത്തുപോയതായി അറിയിച്ചത്. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ മകന്റെ കല്യാണത്തിൽ പങ്കെടുക്കാനാണ് ജീവനക്കാർ പോയത്. സംഭവം വിവാദമായതോടെ 12.45-ന് ജീവനക്കാർ തിരിച്ചെത്തി.
അതേസമയം കുറച്ചുസമയം മാത്രമാണ് ഓഫീസിൽ ഇല്ലാതിരുന്നതെന്നും പൊതുജനങ്ങൾക്കുള്ള സേവനമൊന്നും തടസ്സപ്പെട്ടിട്ടില്ലെന്നും അസി.സെക്രട്ടറി ശ്രീജിത്ത് പറഞ്ഞു. ബിജെപി, ഡിവൈഎഫ്ഐ. നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ പഞ്ചായത്തിലെത്തി ജീവനക്കാർക്കെതിരേ നടപടിയാവശ്യപ്പെട്ട് പരാതി നൽകി.
പഞ്ചായത്തോഫീസിൽ 15 ജീവനക്കാരാണുള്ളത്. ഇതിൽ മൂന്നുപേർ സ്ഥലം മാറിപ്പോയി. സെക്രട്ടറി ദീർഘകാല അവധിയിലാണ്. ശനിയാഴ്ച രണ്ട് ജീവനക്കാരും അവധിയിലായിരുന്നു. രണ്ടുപേർ സ്ഥലത്തുണ്ടായിരുന്നു. അതിലൊരാൾ പൂർണ സമയവും ഫ്രണ്ട് ഓഫീസിലുണ്ടായിരുന്നു. മറ്റൊരാൾ ജോലിസംബന്ധമായ കാര്യത്തിന് പുറത്തുപോയതാണെന്നും മറ്റുള്ളവർ കുറച്ചുസമയം മാത്രമാണ് ഓഫീസിൽ ഇല്ലാതിരുന്നതെന്നും അസി.സെക്രട്ടറി ശ്രീജിത്ത് പറഞ്ഞു.
പഞ്ചായത്തിലെ സേവനങ്ങൾ തടസ്സപ്പെട്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ പറഞ്ഞു. സേവനങ്ങളെല്ലാം ഓൺലൈനായാണ് നൽകുന്നത്. അതിന് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഫ്രണ്ട് ഓഫീസ് സംവിധാനവും ഹെൽപ്പ് ഡെസ്‌കും പ്രവർത്തിച്ചിരുന്നു. അദ്ദേഹം പറഞ്ഞു.



