- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടി; രണ്ട് യുവാക്കൾ അറസ്റ്റിൽ
വൈപ്പിൻ: അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയ റോഡിൽ പനച്ചിക്കൽപ്പറമ്പിൽ ഷാജഹാൻ (ഇക്രു-28), മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാൾ റോഡിൽ അഭിലാഷ് (അഭി-25) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസിന്റെ പിടിയിലായത്.
ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിനെയാണ് ഇരുവരും ചേർന്ന് രക്ഷപ്പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയത്. വെള്ളിയാഴ്ച വൈകീട്ട് ഞാറയ്ക്കൽ ഗവ. ആശുപത്രിക്കു സമീപത്തായിരുന്നു സംഭവം. മാളയ്ക്കു സമീപം പുത്തൻചിറ സ്വദേശി അർജു (19) നാണ് മോട്ടോർ സൈക്കിൾ തെന്നി അപകടത്തിൽപ്പെട്ടത്. അർജുനെ ആശുപത്രിയിൽ എത്തിച്ച ശേഷം ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തി പണവും ഹെൽമെറ്റും കവർച്ച ചെയ്യുകയായിരുന്നു.
തേവര കോളേജിലെ വിദ്യാർത്ഥിയായ അർജുൻ വീട്ടിലേക്കു വരുന്ന വഴി കാളമുക്ക് മല്ലികാർജുന ക്ഷേത്രത്തിനു സമീപമാണ് അപകടത്തിൽ പെട്ടത്. തൊട്ടുപിറകെ സ്‌കൂട്ടറിൽ വരികയായിരുന്ന പ്രതികൾ അർജുനെ ഞാറയ്ക്കൽ ആശുപത്രിയിൽ എത്തിച്ച ശേഷം പണം തട്ടുകയായിരുന്നു. റൗഡി ലിസ്റ്റിൽ ഉള്ളവരും മയക്കുമരുന്ന് കേസുകളടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും.
ഇൻസ്പെക്ടർ എ.എൽ. യേശുദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്‌ഐ.മാരായ സി. രഞ്ജുമോൾ, സി.ആർ. വന്ദന കൃഷ്ണൻ, സി.പി.ഒ.മാരായ വി എസ്. സ്വരാഭ്, എസ്. ദിനിൽ രാജ് എന്നിവർ ഉണ്ടായിരുന്നു.



