- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റെടുത്ത് സിനിമയ്ക്ക് കയറും; ആളുകൾ സിനിമയിൽ മുഴുകുമ്പോൾ അർധനഗ്‌നനായി സീറ്റുകൾക്ക് ഇടയിലൂടെ ഇഴഞ്ഞു നീങ്ങി മോഷണം: സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങിയതോടെ പ്രതിയെ കയ്യോടെ പൊക്കി പൊലീസ്
ആറ്റിങ്ങൽ: തിയറ്ററിലെത്തി സിനിമ നടക്കുന്നതിനിടെ കാണികളുടെ സാധനങ്ങൾ കവർച്ച നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട് നീലഗിരി നെല്ലാർ കോട്ടയിൽ കണ്ണച്ചാംപറമ്പിൽ വിബിൻ(30) ആണ് അറസ്റ്റിലായത്. സിനിമയ്ക്ക് ടിക്കറ്റെടുത്ത് തിയറ്ററുകളിൽ കയറിയ ശേഷം അർദ്ധ നഗ്നനായി ആളുകൾക്കിടയിലൂടെ ഇഴഞ്ഞു നീങ്ങി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
കഴിഞ്ഞയാഴ്ച ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ നടന്ന മോഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങിയതോടെയാണ് വിബിൻ പിടിയിലായത്.ഗംഗ തിയറ്ററിൽ സിനിമ കാണാനെത്തിയ യുവതികളുടെ പഴ്സ് നഷ്ടപ്പെട്ടിരുന്നു. പണം നഷ്ടപ്പെട്ട യുവതികൾ തിയേറ്റർ അധികൃതരെ പരാതി അറിയിച്ചു. തുടർന്ന് തിയറ്റർ അധികൃതർ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചതോടെ തിയേറ്റർ അധികൃതർ ദൃശ്യങ്ങൾ പൊലീസിനു കൈമാറുകയും പരാതി നൽകുകയുമായിരുന്നു.
ഇയാൾ നിരവധി തിയറ്ററുകളിൽ ഇത്തരം മോഷണം നടത്തിയതായാണ് വിവരം. ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറിയ ശേഷം വിബിൻ ആളൊഴിഞ്ഞ ഭാഗത്തേക്കു മാറിയിരിക്കും. സിനിമ തുടങ്ങുമ്പോൾ വസ്ത്രം ഊരിമാറ്റി അർധനഗ്‌നനായി സീറ്റുകൾക്കു പിന്നിലൂടെ ഇഴഞ്ഞുനീങ്ങി പഴ്‌സ് മോഷ്ടിക്കുന്നതാണ് പതിവെന്ന് പൊലീസ് പറയുന്നു. സിനിമയിൽ ലയിച്ചിരിക്കുന്നവർ മോഷണവിവരം അറിയില്ല. തുടർന്ന് സീറ്റിലെത്തി വസ്ത്രം ധരിച്ച് നല്ലവനായി പുറത്തിറങ്ങുകയാണ് പതിവ്.
പരാതി ഉയർന്നതോടെ പല തിയേറ്ററുകളിലും സമാനമായ രീതിയിൽ മോഷണം നടന്നതായി വിവരം ലഭിച്ചിരുന്നു.




