കൊച്ചി: ഇടപ്പള്ളിയിലെ ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ യുവതി ഉൾപ്പെടെ അഞ്ചുപേർ എളമക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഘർഷമുണ്ടായത്. സുഹൃത്തുക്കളായ യുവാവും യുവതിയും ബാറിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇവരുടെ അടുത്തേക്കെത്തിയ ഒരു സംഘവുമായി വാക്കേറ്റത്തിലായി. തുടർന്ന് ഇത് അടിപിടിയിലെത്തുകയായിരുന്നു.

ബാറിലെ ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ സംഘർഷമുണ്ടാക്കിയ മൂന്നുപേർ കടന്നുകളഞ്ഞു. തുടർന്ന്, യുവാവിനെയും യുവതിയെയും മറ്റ് മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷമുണ്ടാക്കിയ മൂന്നുപേർ മുനമ്പം സ്വദേശികളാണ്.