തിരുവനന്തപുരം: കളമശ്ശേരിയിലെ സ്‌ഫോടനത്തിൽ അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് വിശദാംശങ്ങൾ പരിശോധിച്ചു വരികയാണ്. സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. മറ്റു പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി എറണാംകുളത്തേക്ക് തിരിച്ചു. മറ്റ് കാര്യത്തിൽ ശേഖരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവരങ്ങൾ കിട്ടിയാൽ മാത്രമേ ആക്രമണത്തെ കുറിച്ച് പറയാനാവൂ. ഗൗരവമായി എടുത്തു കൊണ്ട് കാര്യങ്ങൾ മുന്നോട്ട് നീക്കുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൊലിസ് ആശുപത്രി അധികൃതരുമായി സംസാരിച്ചതായി മന്ത്രി പി രാജീവ്. സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് എത്തിയിട്ടില്ല. സ്‌ഫോടനത്തിൽ ഒരാൾ മരിച്ചുവെന്നും കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പി. രാജീവ് ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ഡൽഹിയിലാണ്.

കളമശ്ശേരിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇന്റലിജൻസ് എഡിജിപിയും ഉടൻ കൊച്ചിയിലെത്തും.

കളമശേരിയിൽ കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ ഒരു സ്ത്രീ മരിക്കുകയും നിരവധിപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 23 പേർക്ക് പരുക്കേറ്റുവെന്നാണു പ്രാഥമിക നിഗമനം. ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്നാണു വിവരം. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്. 2400ൽ പരം ആളുകൾ ഹാളിലുണ്ടായിരുന്നുവെന്നാണു വിവരം.