കണ്ണൂർ: ആസിഡ് അക്രമണക്കേസിലെ പ്രതിയായ കോളേജ് ലാബ് ജീവനക്കാരൻ ജീവനൊടുക്കി. സർസയ്യിദ് കോളേജ് ലാബ് ജീവനക്കാരൻ മുതുകുടയിൽ താമസിക്കുന്ന ചപ്പാരപ്പടവ് സ്വദേശി മഠത്തിൽ മാമ്പള്ളി അഷ്‌ക്കർ ആണ് ആത്മഹത്യ ചെയ്തത്. പ്രണയപ്പകയിൽ തളിപറമ്പ് ബസ്സ്റ്റാൻഡിൽ ആൾതിരക്കേറിയസമയത്ത് കോടതി ജീവനക്കാരിയായ യുവതിക്കെതിരെ ആസിഡ് അക്രമം നടത്തിയ കേസിലെ പ്രതിയായിരുന്നു 52കാരനായ അഷ്‌ക്കർ.

ശനിയാഴ്‌ച്ച രാത്രി വീട്ടിൽ കഴുത്ത്മുറിച്ച് അവശനിലയിൽ കണ്ട അഷ്‌ക്കറിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ഈക്കഴിഞ്ഞ മാർച്ച് 13 ന് വൈകുന്നേരം അഞ്ചോടെയാണ് തളിപ്പറമ്പ് കോടതി ജീവനക്കാരിയായ സാഹിദയെ കോർട്ട് റോഡിൽ വെച്ച് അഷ്‌ക്കർ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ചത്.ദേഹത്താകമാനം പൊള്ളലേറ്റ സാഹിദ ഏറെക്കാലമായി ചികിത്സയിലായിരുന്നു.

നേരത്തെ വാടകവീട്ടിൽ ദമ്പതികളായി ഒന്നിച്ചു താമസിച്ചിരുന്ന ഇവർ തമ്മിൽ സാമ്പത്തിക തർക്കത്തിന്റെ പേരിലാണ് കലഹമുണ്ടായത്. സാഹിദ വീണ്ടും പഴയഭർത്താവിന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലിസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സംഭവദിവസം വൈകുന്നേരം കുപ്പിയിൽ ആസിഡ് കൊണ്ടുവന്നു തളിപറമ്പ് ബസ്സ്റ്റാൻഡ് പരിസരത്തു നിന്നും സാഹിദയുടെ ദേഹത്ത് ഒഴിക്കുന്നതിനിടെ ചില യാത്രക്കാർക്കും പരുക്കേറ്റിരുന്നു.

സംഭവത്തിനു ശേഷം വധശ്രമത്തിന് പൊലിസ് കേസെടുത്ത് അഷ്‌കറിനെ അറസ്റ്റു ചെയ്തിരുന്നു. ഏറെക്കാലം ഗൾഫിലായിരുന്ന അഷ്‌ക്കർ നാട്ടിലെത്തിയതിനു ശേഷമാണ് തളിപറമ്പ് സർസയ്യിദ് കോളേജിൽ ലാബ് അറ്റൻഡറായി ജോലിയിൽ പ്രവേശിപ്പിച്ചത്. കോടതിയിൽ ചില വ്യവഹാരങ്ങളുടെ ആവശ്യത്തിനായി പോയിരുന്ന ഇയാളും കോടതി ജീവനക്കാരിയുമായ സാഹിദയും തമ്മിൽ അടുക്കുകയായിരുന്നു.

ഇരുവരും കുടുംബങ്ങളിൽ നിന്നും അകന്നു ഒരുമിച്ചു ജീവിക്കുകയുമായിരുന്നു. എന്നാൽ പിന്നീട് സാമ്പത്തികതർക്കത്തെ തുടർന്ന് ഇരുവരും അകന്നു. സാഹിദയ്ക്കായി അഷ്‌കർവിവിധ ബാങ്കുകളിൽ നിന്നും ലക്ഷങ്ങൾ വായ്പയെടുത്തു നൽകിയതായും ഇവർ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നും അഷ്‌കർ പൊലിസിന് മൊഴി നൽകിയിരുന്നു. അഷ്‌കറിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഹബീബ. മക്കൾ: സാഹിർ, സിയ, ശാമിൽ.