- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മിതകുമാരി നരഹത്യക്കേസിൽ പ്രതി സജ്‌ന മേരിയുടെ വിചാരണ സെഷൻസ് കോടതിയിലേക്ക്
തിരുവനന്തപുരം : പേരൂർക്കട ഊളൻപാറ മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊല്ലം ശാസ്താംകോട്ട ആയിക്കുന്നം സ്വദേശിനി സ്മിതകുമാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സജ്‌ന മേരിയുടെ വിചാരണ സെഷൻസ് കോടതിയിലേക്ക്. നരഹത്യാക്കേസ് സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കേസായതിനാലാണ് മജിസ്‌ട്രേട്ട് കോടതി സെഷൻസ് കോടതിയിലേക്ക് കേസ് കമ്മിറ്റ് ചെയ്തയച്ചത്. തിരുവനന്തപുരം നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് ശ്വേതാ ശശികുമാറിന്റേതാണ് ഉത്തരവ്.
കൊല്ലം ശാസ്താംകോട്ട ആയിക്കുന്നം സ്വദേശിനി സ്മിതകുമാരി (41) ആണ് ആശുപത്രിയിലെ സെല്ലിനുള്ളിൽ കൊല്ലപ്പെട്ടത്. ആശുപത്രിയിലെ അന്തേവാസിയായിരുന്ന കൊല്ലം ശക്തികുളങ്ങര കാവനാട് സ്വദേശിനി സജിനാ മേരി (24) ആണ് കേസിലെ പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതി സജ്‌ന മേരിയോട് സെഷൻസ് കോടതിയിൽ നിന്നും സമൻസ് ലഭിക്കുമ്പോൾ ഹാജരാകണമെന്ന നിർദ്ദേശത്തോടെ ജയിലിലേക്ക് തിരിച്ചയച്ചു.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പത്താം വാർഡിലെ നാലാം സെല്ലിനുള്ളിൽ നിൽക്കുകയായിരുന്ന രോഗിയായ സ്മിത കുമാരിയെ അന്തേവാസിയായ സജ്‌ന മേരി മുൻ വിരോധം നിമിത്തം കഞ്ഞി വിതരണം ചെയ്യുന്ന പാത്രം കൊണ്ട് രാത്രി ഇരുമ്പഴിക്കിടയിലൂടെ രണ്ട് പ്രാവശ്യം തലയ്ക്കടിച്ചു. ബോധരഹിതയായി സെല്ലിനുള്ളിൽ 10 മണിക്കൂർ ബോധമറ്റ് കിടന്നത് സ്മിതകുമാരിയുടെ മരണത്തിനിടയാക്കി.
മന:പ്പൂർവ്വമുള്ള കൊലപാതകമല്ലാത്ത നരഹത്യക്കുറ്റം ചെയ്തുവെന്നാണ് കേസ്. സെപ്റ്റംബറിലാണ് സിറ്റി ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ പ്രതി സജിനക്ക് മാനസികരോഗമില്ലെന്നും മദ്യപാന ശീലമുള്ളയാളാണെന്നുമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കോടതിയിൽ ഹാജരാക്കിയിട്ടുള്ള സിറ്റി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ രോഗി മരിച്ച സംഭവം കൊലപാതകമെന്ന് ക്രൈം ബ്രാഞ്ചാണ് കണ്ടെത്തിയത്. സംഭവത്തിൽ 2023 ജൂലൈ 14 നാണ് സജ്‌ന മേരിയെ അറസ്റ്റ് ചെയ്തത്. . 2022 നവംബർ 28 നായിരുന്നു സംഭവം. 29 ന് വൈകീട്ട് ആശുപത്രി സെല്ലിൽ അബോധാവസ്ഥയിൽ കണ്ടത്തിയ സ്മിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
മാനസികാരോഗ്യ കേന്ദ്രത്തിൽവച്ച് സ്മിതയും സജിനാ മേരിയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന്റെ വാശിയിൽ 28 ന് രാത്രിയിൽ കഞ്ഞി വിതരണം ചെയ്യുന്ന സമയത്ത് സജിന പാത്രം കൊണ്ട് രണ്ട് തവണ സ്മിതയുടെ തലയ്ക്കടിക്കുകയായിരുന്നു. സെല്ലിന് പുറത്ത് നിന്ന് ഇരുമ്പഴികൾക്കുള്ളിലൂടെയാണ് സ്മിതയെ ആക്രമിച്ചത്. തലക്കടിയേറ്റ് അവശനിലയിലായ സ്മിത പിറ്റേന്ന് രാവിലെയോടെ അബോധാവസ്ഥയിലായി. പത്തു മണിക്കൂറോളം ബോധമറ്റ് സെല്ലിൽ കിടന്നു.
ബോധമറ്റ് കിടന്ന സ്മിത ഉറങ്ങുകയാണെന്നാണ് ആശുപത്രി അധികൃതർ കരുതിയത്. ആദ്യം പ്രവേശിപ്പിച്ച മുറിയിലെ മറ്റൊരു രോഗിയുമായി തർക്കവും അടിയും നടന്നതിനെത്തുടർന്നാണ് സ്മിതാകുമാരിയെ ഒറ്റയ്ക്ക് ഒരു സെല്ലിലേക്ക് മാറ്റിയത്. ഇവിടേക്ക് മാറ്റുമ്പോൾ സ്മിതക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ല. സ്മിതയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് മാത്രമാണ് പരിക്കുണ്ടായതെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ വീണ് പരിക്കേറ്റതല്ലെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
ലോക്കൽ പൊലീസ് അന്വേഷണത്തിൽ പുരോഗതിയുണ്ടാവാതെ വന്നതോടെ സ്മിതയുടെ വീട്ടുകാർ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. സംഭവം നടന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന രോഗികളേയും കൂട്ടിരിപ്പുകാരേയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്നാണ് സജിന പിടിയിലായത്.
സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എൻ.വിജുകുമാർ, എസ്‌ഐ.മാരായ ജയകുമാർ, സന്തോഷ് കുമാർ, എഎസ്ഐ. പ്രീത, എസ്.സി.പി.ഒ. സജിന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്