കൊച്ചി: കളമശ്ശേരിയിൽ സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മരണസംഖ്യ കുറയ്ക്കാൻ സഹായിച്ചത് ആദ്യ ദിനത്തിൽ സംഘാടകർ നടത്തിയ ഇവാക്വേഷൻ മോക് ഡ്രിൽ. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പരിപാടിയുടെ ആദ്യ ദിനം തന്നെ സംഘാടകർ ഇവാക്വേഷൻ മോക് ഡ്രിൽ നൽകിയിരുന്നു. ഇത് മരണസംഖ്യ കുറയ്ക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ.

സ്‌ഫോടനം ഉണ്ടായ ഉടൻ തന്നെ കൺവെൻഷൻ സെന്ററിൽ നിന്നും ആളുകൾ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങിയിരുന്നു. സ്ഫോടനത്തിന് ശേഷം ദൃക്സാക്ഷികളായവരും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മുൻകരുതലെന്നവണ്ണം അപകടമുണ്ടായാൽ സ്വീകരിക്കേണ്ട നിർദ്ദേശങ്ങൾ സംഘാടകർ നൽകിയിരുന്നുവെന്നും ഇതാണ് തിക്കിലും തിരക്കിലും പെട്ടുണ്ടായേക്കാവുന്ന വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്.

വിമാനങ്ങളിൽ നൽകുന്ന ഇവാക്വേഷൻ മുൻകരുതലിന് സമാനമായി യോഗത്തിന്റെ സംഘാടകർ ഇവിടെ ഒരു പ്രശ്‌നമുണ്ടായാൽ എങ്ങനെ പുറത്തു കടക്കണം വാതിലുകൾ എവിടെയാണ് എന്നിങ്ങനെ കൃത്യമായ മോക്ഡ്രിൽ യോഗത്തിനെത്തിയവർക്ക് നൽകിയിരുന്നു. അതിനാൽ തന്നെ സ്ഫോടനം നടന്നയുടൻ തന്നെ ആളുകൾക്ക് വളരെ വേഗം പുറത്തുകടക്കാനായി. ആഘാതം കുറഞ്ഞ സ്‌ഫോടനമാണുണ്ടായതെങ്കിൽ പോലും തുടർന്നുണ്ടായേക്കാവുന്ന തിക്കിലും തിരക്കിലും മരണം സംഭിക്കാനും സാധ്യതയുണ്ടായിരുന്നു. അത്തരമൊരു സാഹചര്യമൊഴിവായത് സംഘാടകർ നൽകിയ മോക്ഡ്രില്ലാണെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു.