നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 33.35 ലക്ഷം രൂപയുടെ സ്വർണവുമായി അഞ്ചംഗ കുടുംബം പിടിയിലായി. എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി സാദിഖ് മുഹമ്മദും കുടുംബവുമാണ് 619 ഗ്രാം സ്വർണവുമായി കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്.

ചെക്ക്-ഇൻ ബാഗേജുകളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. എക്സ്‌റേ പരിശോധനയിൽ ബാഗേജുകളിൽ സ്വർണമുള്ളതായി സൂചന ലഭിച്ചു. തുടർന്ന് ബാഗുകൾ തുറന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഇതേതുടർന്ന് ഗ്രീൻചാനൽ വഴി കടന്നുപോകാൻ ശ്രമിച്ച ഇവരെ കസ്റ്റംസ് പിടികൂടുകയായിരുന്നു.

27 സ്വർണവളയങ്ങളും നാല് സ്വർണമാലകളുമാണ് പിടികൂടിയത്. താക്കോൽ കൂട്ടത്തോടൊപ്പമാണ് സ്വർണവളയങ്ങൾ ഒളിപ്പിച്ചിരുന്നത്. പ്ലാസ്റ്റിക് പേപ്പറും മറ്റും ഉപയോഗിച്ച് നന്നായി പൊതിഞ്ഞാണ് സ്വർണം ബാഗുകളിൽ ഒളിപ്പിച്ചിരുന്നത്.