തെന്മല: അമ്പനാട് ആനച്ചാടി ഡിവിഷനിലെ തേയിലത്തോട്ടത്തിലെത്തിയത് മുപ്പതോളം കാട്ടാനകൾ എത്തി. കൊളുന്തുനുള്ളാൻപോയ തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അമ്പനാട്ട് ആനച്ചാടി പത്താംനമ്പർ കാട്ടിലാണ് കാട്ടാനക്കൂട്ടം എത്തിയത്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ സ്ത്രീത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തേയിലക്കാട്ടിലേക്ക് പോകുന്നതിനിടയിലാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്. തൊഴിലാളികൾ ബഹളംെവച്ചതോടെ കാട്ടാനകൾ തേയിലക്കാടുവഴി മറുഭാഗത്തേക്ക് പോയെങ്കിലും കൂട്ടത്തിലുണ്ടായിരുന്ന ഒരാനമാത്രം ഇവിടെനിന്നത് തൊഴിലാളികൾ ശ്രദ്ധിച്ചില്ല. തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകാൻപോയ കുത്തലിംഗത്തെയും കൊളുന്തുനുള്ളാൻ പോയ സുജാതെയെന്ന തൊഴിലാളിയെയും ഈ കാട്ടാന ഓടിച്ചു. ഓട്ടത്തിനിടയിൽ കുത്തലിംഗത്തിന് വീഴ്ചയിൽ പരിക്കേറ്റു.

ദിവസങ്ങളായി ഈ ഭാഗത്ത് കാട്ടാനക്കൂട്ടമുള്ളതിനാൽ എസ്റ്റേറ്റ് അധികൃതർ തൊഴിലാളികൾക്ക് മുന്നറിയിപ്പു നൽകുകയും നിരീക്ഷണ സംവിധാനമൊരുക്കുകയും ചെയ്തിരുന്നു. അമ്പനാട് റോഡിൽനിന്ന് അരക്കിലോമീറ്റർ അകലെയാണ് കാട്ടാനക്കൂട്ടമെത്തിയത്.