കണ്ണൂർ: നിക്ഷേപക സാധ്യതകളേറെയുള്ള ഇടമാണ് കണ്ണൂരെന്നും ആ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ നിക്ഷേപകർക്കും സംരംഭകർക്കും കഴിയണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംഘടിപ്പിച്ച ആഗോളപ്രവാസി നിക്ഷേപക സംഗമം എൻആർഐ സമ്മിറ്റ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നല്ല രീതിയിലുള്ള വ്യവസായ അന്തരീക്ഷത്തിലൂടെയാണ് കേരളം കടന്ന് പോകുന്നത്. ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതി വിജയകരമായി മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തി നാൽപതിനായിരം എം എസ് എം ഇകൾ സംസ്ഥാനത്ത് തുടങ്ങി. ജില്ലകളിൽ എം എസ് എം ഇ ക്ലിനിക്കുകൾ സ്ഥാപിച്ച് സഹായങ്ങൾ നൽകി വരുന്നു. പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾ 4 ശതമാനം പലിശ നിരക്കിൽ നൽകി വരുന്നതായും നായനാർ അക്കാദമിയിൽ നടന്ന പരിപാടിയിൽ മന്ത്രി പി രാജീവ് പറഞ്ഞു.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, അഴീക്കോട് തുറമുഖം, മംഗലാപുരം വിമാനത്താവളം എന്നിവയുടെ സാന്നിധ്യം, വികസിച്ച് വരുന്ന ദേശീയപാതാ ശൃംഖല, സ്ഥല ലഭ്യത എന്നിവ വടക്കൻ കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ വ്യവസായ നിക്ഷേപ സംരംഭകത്വ സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്. മട്ടന്നൂർ കിൻഫ്രാ പാർക്കിൽ വ്യവസായങ്ങൾക്ക് സ്ഥലം ലഭ്യമാണ്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

അമ്പത് കോടി രൂപ വരെയുള്ള നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ലൈസൻസ് ഇല്ലാതെ മൂന്ന് മാസം വരെ പ്രവർത്തിക്കാൻ കേരളത്തിൽ അനുമതിയുണ്ട്. അമ്പത് കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് രേഖകൾ എല്ലാം സമർപ്പിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ ഏകജാലക സംവിധാനം വഴി ലൈസൻസ് ലഭ്യമാക്കും. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും പരാതി പരിഹാര സമിതിയും പ്രവർത്തനസജ്ജമാണ്. പരാതിയിന്മേൽ 30 ദിവസത്തിനകം തീരുമാനം കൈകൊള്ളും. 15 ദിവസത്തിനകം സമിതി തീരുമാനം നടപ്പിൽ വരുത്തും. അത് എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർക്ക് ബാധകമാണ്. തീരുമാനം നടപ്പാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ പരമാവധി പതിനായിരം രൂപ പിഴ ചുമത്തും അച്ചടക്ക നടപടിയുമുണ്ടാവും, മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾക്കും സർക്കാർ അനുമതി നൽകി. പതിനഞ്ച് പാർക്കുകളാണ് ഇത്തരത്തിൽ തുടങ്ങുന്നത്. ഇതിൽ കണ്ണൂരിലും പാലക്കാടും രണ്ട് പാർക്കുകൾ ഉദ്ഘാടന സജ്ജമായിക്കഴിഞ്ഞു. പതിനഞ്ച് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് കൂടെ അനുമതി നൽകാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ക്യാമ്പസുകളോട് ചേർന്ന് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങാനും സംസ്ഥാനത്ത് സൗകര്യമുണ്ട്. ഇരുപത്തിരണ്ട് മുൻഗണനാ മേഖലകളാണ് വ്യവസായ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഈ വിഭാഗത്തിൽ അമ്പത് കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപം നടത്തുന്നവർക്ക് സംസ്ഥാന ജി എസ് ടി റീഇമ്പേഴ്സ് നൽകും. ഇത്തരത്തിൽ ആകർഷകമായ പാക്കേജുകളാണ് പുതിയ വ്യവസായ നയത്തിന്റെ ഭാഗമായി വ്യവസായ വകുപ്പും സംസ്ഥാന സർക്കാറും കേരളത്തിൽ ഒരുക്കുന്നതെന്നും ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ നിക്ഷേപകരും സംരംഭകരും തയ്യാറാകണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. നേരത്തെയുള്ളതിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ 7 വർഷത്തിനുള്ളിൽ ജില്ലയിലെ വ്യവസായ അന്തരീക്ഷം ഏറെ മെച്ചപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സമ്മിറ്റിന്റെ ഭാഗമായി നിക്ഷേപ സംരംഭങ്ങൾക്ക് ലെയ്സൺ ഓഫീസറെ നൽകുമെന്ന തീരുമാനം പ്രതീക്ഷ നൽകുന്നതാണെന്നും കെ വി സുമേഷ് എംഎൽഎ പറഞ്ഞു. കണ്ണൂർ വിമാനത്താവളം, നിർമ്മാണമാരംഭിക്കാൻ പോകുന്ന അഴിക്കോട് ഗ്രീൻഫീൽഡ് പോർട്ട്, മട്ടന്നൂർ മണ്ഡലത്തിലെ അന്താരാഷ്ട്ര ആയൂർവ്വേദ ഇൻസ്റ്റിറ്റ്യൂട്ട്, റിവർ ക്രൂയിസ് ടൂറിസം പദ്ധതി തുടങ്ങിയവ ജില്ലയിലെ നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഡോ.വി ശിവദാസൻ എം പി, എംഎൽഎമാരായ കെ കെ ശൈലജ, കെ പി മോഹനൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, നോർക്ക ഡയരക്ടർ ഒ വി മുസ്തഫ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ.ടി സരള, അഡ്വ. കെ കെ രത്നകുമാരി, വി കെ സുരേഷ്ബാബു, കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ, എൽ എസ് ജി ഡി ജോ. ഡയരക്ടർ ടി ജെ അരുൺ. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എവി അബ്ദുൾ ലത്തീഫ്, മുൻ എം എൽ എ എം വി ജയരാജൻ, ലീഡ് ബാങ്ക് മാനേജർ ഇ പ്രശാന്ത്, കോർപ്പറേഷൻ കൗൺസിലർ മാർട്ടിൻ ജോർജ്, കിയാൽ ഡയരക്ടർ ഹസ്സൻ കുഞ്ഞി, കെ എസ് എസ് ഐ എ പ്രസിഡണ്ട് ജീവരാജ് നമ്പ്യാർ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി കെ രമേഷ് കുമാർ, കണ്ണൂർ ഇന്റർനാഷണൽ എയർപോട്ട് എംഡി സി ദിനേഷ് കുമാർ, വിസ്മയ പാർക്ക് ചെയർമാൻ പി വി ഗോപിനാഥ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ് എന്നിവർ പങ്കെടുത്തു.

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന ആഗോള പ്രവാസി നിക്ഷേപക സംഗമം, എൻആർഐ സമ്മിറ്റിന്റെ ആദ്യദിനം 1404 കോടിരൂപയുടെ നിക്ഷേപവുമായി സംരംഭകർ മുന്നോട്ടുവന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യവസായിക കാർഷിക മേഖലയിലേക്ക് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് ആദ്യദിനം മുന്നോട്ടുവന്നത്.

ഫാദിൽ ഗ്രൂപ്പ് ഓഫ് കമ്പനി, കാദിരി ഗ്രൂപ്പ്, വെയ്ക്, രാഗ് ഗ്ലോബൽ ബിസിനസ് ഹബ്, പ്രോപ്സോൾവ്, കണ്ണൂർ ഗ്ലോബൽ പ്ലൈവുഡ് കൺസോഷ്യം തുടങ്ങിയ 38 സംരംഭകരാണ് പദ്ധതികളുമായി മുന്നോട്ടുവന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനു പരിസരം ഹോട്ടലും വാണിജ്യസമുച്ചയങ്ങൾക്കുമായി 300 കോടിയുടെ സംരംഭം കണ്ണൂർ വിമാനത്താവള ഡയരക്ടർ ഹസൻകുഞ്ഞി ആരംഭിക്കുമെന്ന് അറിയിച്ചെന്നും ദിവ്യ പറഞ്ഞു.

ജില്ലയിൽ മികച്ച കൺവെൻഷൻ സെന്ററുകൾ സ്ഥാപിക്കാൻ മൂന്നോളം സംരംഭകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രീമിയം ലവൽ ലേഡീസ് ഹോസ്റ്റൽ, മരവ്യവസായ ക്ലസ്റ്റർ, ഐ.ടി, കാർഷികം, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിലും നിക്ഷേപം നടത്താൻ പലവ്യവസായികളും തൽപര്യം പ്രകടിപ്പിച്ചു.

പുതുതായി 12 പദ്ധതികൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. രണ്ടാംദിനമായ ചൊവ്വാഴ്ച ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം ഒരുപാട് പേർ ഭൂമി കൈമാറാൻ സന്നദ്ധമായി മുന്നോട്ടുവന്നിട്ടുണ്ട്. ജില്ലയിൽ ലാന്റ് ബാങ്ക് ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണെന്നും പി പി ദിവ്യ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ കെ രത്നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, വ്യവസായവകുപ്പ് ജില്ലാ ജനറൽ മാനേജർ എ എസ് ഷിറാസ്, മാനേജർ പി വി രവീന്ദ്രകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.