വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിൽ പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. അപകടത്തിൽ 50 പേർക്ക് പരുക്കേറ്റു. ഹൗറ ചെന്നൈ റെയിൽ പാതയിൽ കണ്ടകപ്പള്ളി സ്റ്റേഷനു സമീപം ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് വിശാഖപട്ടണം പലാസ പാസഞ്ചറും വിശാഖപട്ടണം റായ്ഗഡ പാസഞ്ചറും കൂട്ടിയിടിച്ചത്.

വൈദ്യുത കേബിൾ തകരാറിനെത്തുടർന്ന് സാവധാനം നീങ്ങികൊണ്ടിരുന്ന പലാസ പാസഞ്ചറിൽ റെഡ് സിഗ്‌നൽ തെറ്റിച്ചെത്തിയ റായ്ഗഡ പാസഞ്ചർ ഇടിച്ചുകയറുകയായിരുന്നു. പലാസയുടെ മൂന്നു ബോഗികളും റായ്ഗഡയുടെ രണ്ട് ബോഗികളും എൻജിനും പാളം തെറ്റി. പാളം തെറ്റിയ ബോഗികൾ സമീപ പാതയിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ടാങ്കറിൽ ഇടിച്ചത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു.

ഇരു ട്രെയിനുകളിലുമായി 1400ൽ ഏറെ യാത്രക്കാരുണ്ടായിരുന്നു. പലാസ പാസഞ്ചറിന്റെ ഗാർഡ് എം.എസ്.റാവു (58), റായ്ഗഡയുടെ ലോക്കോ പൈലറ്റ് എസ്.എം.എസ്.റാവു (52), അസിസ്റ്റന്റ് ചിരഞ്ജീവി (29) എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. മറിഞ്ഞ ബോഗികൾ നീക്കി ഗതാഗതം ഇന്നലെ വൈകിട്ടോടെ പുനരാരംഭിച്ചു.